സന്ദീപ് വാര്യർ

‘മിത്രങ്ങളോട് ഇന്ന് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ..’; കുൽഭൂഷൻ യാദവിനെ മോചിപ്പിക്കണം എന്ന് മോദി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: പാകിസ്താന്‍റെ അഭ്യർഥനയിലാണ് വെടിനിർത്തൽ നിലവിൽ വന്നതെങ്കിൽ എന്തുകൊണ്ടാണ് പാക് ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന കുൽഭൂഷൻ യാദവിനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടാതിരുന്നതെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.

മിത്രങ്ങളോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ.. ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും മറുപടി പറഞ്ഞിട്ടില്ല. അസഭ്യവർഷം മാത്രമാണ് കിട്ടുന്നത്. എത്രകാലമായി ആ പാവം കുൽഭൂഷൻ നരകയാതന അനുഭവിക്കുന്നെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ യാദവിനെ 2016 മാര്‍ച്ചിലാണ് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ 'റോ'യുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഏജന്റായ യാദവ് ബലൂചിസ്താനില്‍ പാകിസ്താന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തിന് പാക് സൈനികക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

‘ഇന്ത്യ പാകിസ്ഥാൻ സംഘർഷം ഇത്തവണ തുടങ്ങിയപ്പോൾ മിത്രങ്ങൾ അതിനെ ഹിന്ദു മുസ്ലിം സംഘർഷം ആക്കാനുള്ള തിരക്കിലായിരുന്നു. അതിനുശേഷം പാക്കിസ്ഥാനെ ഇതാ ഞങ്ങൾ തകർക്കാൻ പോകുന്നു, കറാച്ചി പോർട്ട് തകർത്തു, ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമാകും, പാക് അധീന കാശ്മീരിനെ തിരിച്ചുപിടിക്കും.. മോദി ഡാ..ഓരോ ദിവസവും തള്ളി മറിക്കുകയായിരുന്നു മിത്രങ്ങൾ .

ഇപ്പോ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നത് പോലെ മോദി വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോൾ മിത്രങ്ങളെല്ലാവരും സമാധാനപ്രിയരും നയതന്ത്ര വിദഗ്ധരും ആയിരിക്കുകയാണ്. ഇപ്പോൾ പാക്കധീന കാശ്മീർ തിരിച്ചുപിടിക്കുന്ന കാര്യമില്ല, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യമില്ല..

മിത്രങ്ങളോട് ഇന്ന് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ.. ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും നിങ്ങൾ മറുപടി പറഞ്ഞിട്ടില്ല. അസഭ്യവർഷം മാത്രമാണ് കിട്ടുന്നത്. എന്നാലും ചോദിക്കട്ടെ..

നരേന്ദ്രമോദി അവകാശപ്പെടുന്നതുപോലെ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യത്തിലാണ് , പാക്കിസ്ഥാന്റെ അഭ്യർത്ഥനയിലാണ് വെടിനിർത്തൽ ഉണ്ടായതെങ്കിൽ എന്തുകൊണ്ടാണ് കുൽഭൂഷൻ യാദവിനെ മോചിപ്പിക്കണം എന്ന മിനിമം ഡിമാൻഡ് പോലും മോദി വയ്ക്കാതിരുന്നത് ? എത്രകാലമായി ആ പാവം നരകയാതന അനുഭവിക്കുന്നു?’


Full View

Tags:    
News Summary - Why didn't Modi demand Kulbhushan Jadhav's release? -Sandeep Varier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.