കെ-സ്വിഫ്റ്റിനെ ഭയക്കുന്നതാര്, എന്തിന്? - വിശദീകരണക്കുറിപ്പുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് സർവിസ് ആരംഭിച്ചത് മുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകർക്കാൻ മനപൂർവമായ ശ്രമം നടക്കുകയാണെന്നും സ്വകാര്യ ഓപ്പറേറ്റർമാരാണ് ഇതിന് പിന്നിലെന്നും കെ.എസ്.ആർ.ടി.സിയുടെ വിശദീരകണക്കുറിപ്പ്. ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. കോടികളുടെ തട്ടിപ്പാണ് ഈ മേഖലയിൽ നടക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

കെ.എസ്.ആർ.ടി.സി - സിഫ്റ്റ് സർവിസ് ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം

സർവിസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എ.സി ബസുകളും എട്ട് എണ്ണം എ.സി സ്ലീപ്പറുകളും 20 എ.സി സെമി സ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

ഇനി കാര്യത്തിലേയ്ക്ക് വരാം! കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ് ആരംഭിച്ചത് മുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകർക്കുവാനുള്ള മനപൂർവമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബാഗ്ലൂർ -എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂർണ്ണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിനെതിരെ ചില മാധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട്.. എന്താണെന്നോ? സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്. വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ട്‌. കെ.എസ്.ആർ.ടി.സി ബസുകൾ നൽകുന്ന സർവിസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി‌ സ്ലീപ്പറുകളാണ്.

പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതലുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും ഇരട്ടി ചാർജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂർ-എറണാകുളം സെക്ടറിൽ എ.സി സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്, തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു.

അതായത്,14/04/2022 (ഇന്നേദിവസം) ബാഗ്ലൂർ -എറണാകുളം A/C volvo Sleeper (2:1) സ്വകാര്യ ബസിന് 2800 രൂപയും കെ-സ്വിഫ്റ്റിന് 1264 രൂപയുമാണ് നിരക്ക്. A/C volvo Semi Sleeper (2:2) സ്വകാര്യ ബസിന് 1699 രൂപയും കെ-സ്വിഫ്റ്റിന് 1134 രൂപയുമാണ്. എന്നാൽ, സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും.

കേരളത്തിൽനിന്നും പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ആയിരക്കണക്കിന് ബസുകൾ ഇങ്ങനെ സർവിസ് നടത്തുന്നുണ്ട്. ഒരു ബസിന് 1000 രൂപ വെച്ച് കുട്ടിയാൽ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല.

Tags:    
News Summary - Who's afraid of K-Swift, and why? - KSRTC with explanatory note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.