രമേഷ് പിഷാരടി, ശോഭ സുരേന്ദ്രൻ, എൻ.എം.ആർ റസാക്ക്
പാലക്കാട്: കാർഷിക ഉത്സവമായ വിഷുവാണ് വരുന്നത്. മേടപ്പൊന്നണിയാൻ കാത്തുനിൽക്കാതെ മീനത്തിലേ കൊന്നകൾ പൂക്കണിയൊരുക്കിക്കഴിഞ്ഞു. കണിയും കൈനീട്ടവും പ്രധാനം. വിഷുവിന് െതാട്ടുമുമ്പെത്തുന്ന തെരഞ്ഞെടുപ്പുത്സവത്തിൽ പാലക്കാടൻ കൈനീട്ടം ആർക്കാണെന്ന് ഉറ്റുനോക്കുന്നവരേറെ.
വിവാദങ്ങളും ആരോപണങ്ങളുംകൊണ്ട് മത്സരം കൊഴുപ്പിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല.
പാലക്കാട്ട് സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംസ്ഥാനമാകെ ചർച്ചയായി. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഡീലെന്ന് സി.പി.എം തിരിച്ചടിച്ചു. ഇതിനിടെ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നു. അറച്ചോ മടിച്ചോ നിൽക്കാതെ പ്രശോഭിനെ കോൺഗ്രസ് പുറത്താക്കി. എങ്കിലും എൽ.ഡി.എഫും ബി.ജെ.പിയും അത് തെഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിട്ടുണ്ട്. കണക്ക് നോക്കിയാൽ, യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. കന്നിയങ്കക്കാരായ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും ഇടത് സ്ഥാനാർഥി എൻ.എം.ആർ. റസാക്കും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. മണ്ഡലം നിലനിർത്തുക എന്നതാണ് പിഷാരടിക്ക് മുന്നിലെ വെല്ലുവിളി. ഒട്ടേറെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച അനുഭവസമ്പത്തുമായാണ് എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ രംഗത്തുള്ളത്.
2011ൽ ഷാഫി പറമ്പിൽ രംഗത്തെത്തിയതോടെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായി മാറിയ പാലക്കാട് വൻ ഭൂരിപക്ഷത്തോടെയാണ് ഓരോ തവണയും കോൺഗ്രസ് വിജയിച്ചത്. 2016ൽ ബി.ജെ.പിയുടെ ശോഭ സുരേന്ദ്രൻ രണ്ടാമതെത്തി. അതോടെ, ആഞ്ഞുപിടിച്ചാൽ പാലക്കാട് കൂടെ പോരുമെന്ന പ്രതീക്ഷ പൊട്ടിമുളച്ചു. ഷാഫി എം.പിയായതോടെ രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തിയത്.
പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകൾ അടങ്ങുന്നതാണ് പാലക്കാട് മണ്ഡലം. ഇതിൽ മാത്തൂരും കണ്ണാടിയും എൽ.ഡി.എഫിനൊപ്പവും പിരായിരി യു.ഡി.എഫിനൊപ്പവുമാണ്. പാലക്കാട് നഗരസഭ ബി.ജെ.പി ഭരിക്കുന്നു. തദ്ദേശത്തിൽ പാലക്കാട് നഗരസഭയിൽ രണ്ടാം സ്ഥാനത്തെത്തിയത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. അതേസമയം, ബി.ജെ.പിയിലെ വിഭാഗീയതയും പടലപിണക്കങ്ങളും ശോഭ സുരേന്ദ്രനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.