'ശശിതരൂരിന് സെലക്ടീവ് ഓർമക്കുറവ്'; തുർക്കിയക്ക് നൽകിയ സഹായത്തെ വിമർശിച്ച കോൺഗ്രസ് നേതാവിനെതിരെ ജോൺ ബ്രിട്ടാസ്

​തിരുവനന്തപുരം: തുർക്കിയക്ക് കേരള സർക്കാർ നൽകിയ സഹായത്തെ വിമർശിച്ച ശശി തരൂരിനെതിരെ സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്. തരൂർ സെലക്ടീവ് ഓർമക്കുറവിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. തുർക്കിയെ സഹായിക്കാൻ മോദി സർക്കാർ തന്നെ ഓപ്പറേഷൻ ദോസ്ത് ആരംഭിച്ചുവെന്ന് നന്നായി അറിയാമായിരുന്നിട്ടും അദ്ദേഹം കേരളത്തെ എന്തിനാണ് ഇകഴ്ത്തി കാണിക്കുന്നതെന്ന് അറിയില്ല. കേരളത്തിനെതിരെ അനാവശ്യമായ വിമർശനമാണ് തരൂർ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.മുംബൈ ഭീകരാക്രമണം നടന്ന് രണ്ട് വർഷത്തിനകം 2010ൽ യു.പി.എ സർക്കാർ പാകിസ്താന് 25 മില്യൺ ഡോളർ പ്രളയസഹായമായി നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഭൂകമ്പത്തിൽ തകർന്ന തുർക്കിയക്ക് സാമ്പത്തിക സഹായം നൽകിയ കേരള സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി ​രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ തുർക്കിയ പാകിസ്താനെ പിന്തുണ സാഹചര്യത്തിലാണ് വിമർശനം.

രണ്ട് വർഷത്തിന് ശേഷം തുർക്കിയയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ ഔദാര്യത്തെ കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂർ എക്സിൽ കുറിച്ചു. 2023ൽ ഭൂകമ്പത്തിൽ തകർന്ന തുർക്കിയക്ക് 10 കോടി രൂപ നൽകി കേരള സർക്കാർ സഹായിച്ചിരുന്നു. ഈ വാർത്ത പങ്കുവെച്ചാണ് സർക്കാറിനെതിരായ തരൂരിന്‍റെ വിമർശനം.

2023 ഫെബ്രവരി എട്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് തുർക്കിയക്ക് 10 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. 'ലോക ബോധത്തെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു'വെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - What about Modi govt's Operation Dost? CPI(M) MP counters Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.