തിരുവനന്തപുരം: മദ്യമാഫിയക്കും സ്വാശ്രയലോബിക്കും സമ്പൂര്‍ണമായി കീഴടങ്ങിയ ഇടതുസര്‍ക്കാറിനെയാണ് പിണറായി വിജയന്‍ നയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃയോഗം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക സ്ത്രീപീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മദ്യം പ്രധാന വില്ലനാണ്. ആ നിലക്ക് അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ ഏറ്റെടുക്കണം. മദ്യം സുലഭമായി വിതരണം നടത്തി എന്ത് മദ്യവര്‍ജനമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
മദ്യം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വല്ല മതപുരോഹിതന്മാരോ ഗാന്ധിയന്‍ സംഘടനകളോ മതി. അധികാരമുള്ള സര്‍ക്കാറിന്‍െറ പണിയല്ല ഉപദേശം. കേരളത്തില്‍ എല്ലാ അധ്യയനവര്‍ഷവും കത്തിപ്പടരുന്ന സ്വാശ്രയവിവാദത്തില്‍ എണ്ണയൊഴിക്കുന്ന തീരുമാനമാണ് സ്വാശ്രയ മാനേജ്മെന്‍റുമായുള്ള കരാറിലൂടെ ഇടതുപക്ഷം നടപ്പാക്കിയത്. രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന താരതമ്യേന അംഗീകരിക്കാവുന്ന നിലപാടിനെയാണ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്‍റുമായുള്ള കരാറിലൂടെ അട്ടിമറിച്ചത്. മെറിറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കുപോലും രണ്ടര ലക്ഷം രൂപ പ്രതിവര്‍ഷ ഫീസ് നല്‍കേണ്ടി വരുന്നു.
മെറിറ്റിലുള്ള വിദ്യാര്‍ഥികള്‍ക്ക് 65,000 രൂപയും മാനേജ്മെന്‍റ് ക്വോട്ടയിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപയും ഫീസ് വര്‍ധിപ്പിച്ച് മാനേജ്മെന്‍റുകളെ കൊഴുപ്പിക്കുകയാണ് സര്‍ക്കാര്‍. സഹകരണമേഖലയിലെ പരിയാരം മെഡിക്കല്‍ കോളജിലടക്കം സാധാരണക്കാര്‍ക്ക് പഠിക്കാനാവാത്ത നിലയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി ജനപക്ഷത്തുനിന്ന് സര്‍ക്കാറിനെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തും.
മദ്യനിരോധശ്രമങ്ങളെ അട്ടിമറിക്കുന്നതിനെതിരെ ഒക്ടോബര്‍ മൂന്നിന് കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തകരെയും സമാനമനസ്കരെയും അണിനിരത്തി സെക്രട്ടേറിയറ്റ് നടയില്‍ സമരസംഗമം സംഘടിപ്പിക്കാനും സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം, വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.