പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായം പ്രഖ്യാപിക്കണം -വെൽഫെയർ പാർട്ടി

കോട്ടയം: കോട്ടയം പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിദാരുണമായ മഴക്കെടുതിയിലൂടെ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം പറഞ്ഞു.

ചെറുകിട വ്യാപാരികൾ മുതൽ 20 ലക്ഷത്തിന് പുറത്തു വരെ നഷ്ടം സംഭവിച്ച അമ്പതിൽപരം കടകൾ ഈരാറ്റുപേട്ട ഭാഗത്തു മാത്രമുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു വരാൻ കഴിയാത്ത വിധം വലിയ നഷ്ടമാണ് ഇത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് സംഭവിച്ചിട്ടുള്ളത്. നോട്ട് നിരോധനം മുതൽ വിവിധ സന്ദർഭങ്ങളിലെ പ്രളയങ്ങൾ, കോവിഡ് സാഹചര്യത്തിലെ ലോക്ഡൗൺ തുടങ്ങി തുടർച്ചയായ നഷ്ടങ്ങൾ വ്യാപാരികളുടെ ജീവിതത്തെ തന്നെ ദുരിതത്തിലായിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു പ്രളയ സമയത്തും വ്യാപാരികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനു വേണ്ടി വെൽഫെയർ പാർട്ടി കൃത്യമായ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കേരളത്തിന്‍റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന വ്യാപാരികൾക്ക് വേണ്ടി പ്രത്യേകിച്ച് പദ്ധതികൾ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്. നിലവിലെ പ്രളയ സാഹചര്യത്തെ മുൻനിർത്തി വ്യാപാരികളുടെ നഷ്ടം കണക്കാക്കി സമഗ്രമായ ധനസഹായ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിലെ വിവിധ വ്യാപാര സംഘടനകളുമായി ഹമീദ് വാണിയമ്പലം ചർച്ച നടത്തി.

Tags:    
News Summary - welfare party demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.