കോട്ടയം: പകൽ പൊള്ളുംചൂട്, പുലർച്ച തണുപ്പ്, ഇടക്കിടെ മഴ... അസ്വസ്ഥതകൾ നിറച്ച് കാലാവസ്ഥയിൽ താളംതെറ്റൽ. സാധാരണ ഡിസംബര്‍ പകുതിക്കുശേഷം മഴ മാറി രാത്രിയിൽ തണുപ്പും പകല്‍ വെയില് തെളിയുന്നതുമായിരുന്നു പതിവ്. എന്നാൽ, ജില്ലയിൽ പുതുവര്‍ഷാരംഭത്തിൽ കനത്ത മഴയാണ് പെയ്തത്. ജനുവരി ആദ്യം കനത്ത മഴ പതിവുണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ മഴ മാറി കനത്ത വെയിലായി. വെള്ളി, ശനി ദിവസങ്ങളിൽ കോട്ടയം നഗരത്തിലടക്കം വലിയ ചൂടാണ് അനുഭവപ്പെട്ടത്. അതേസമയം, മുൻവർഷങ്ങളിലേതുപോലെ പുലർച്ചയും രാത്രിയിലും തണുപ്പ് വലിയതോതിൽ ഉയര്‍ന്നിട്ടുമില്ല.
കാലാവസ്ഥയിലെ ചാഞ്ചാട്ടം രോഗങ്ങൾക്ക് കാരണമാകുന്നതിനൊപ്പം കാർഷികമേഖലക്കും തിരിച്ചടിയാകുകയാണ്. പനിയടക്കം പകർച്ചവ്യാധികളും ജില്ലയിൽ പടരുന്നു. വൈറൽ പനി വ്യാപകമാണ്. ചിലർക്ക് വിട്ടുമാറാത്ത ചുമയുമുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ 1,146 പേർ ചികിത്സതേടി. മഞ്ഞും മഴയും വെയിലും ഇടവിട്ട് വരുന്നതാണ് വൈറൽ പനി ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മഞ്ഞ് കുറഞ്ഞതിനൊപ്പം മഴയുടെ അളവിലെ വർധന കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പും മഞ്ഞും കുറഞ്ഞത് ഏലകൃഷിക്ക് തിരിച്ചടിയായി. മഞ്ഞും തണുപ്പും റബർ ഉൽപാദനത്തിനും അനുകൂലഘടകമാണ്. ഇതിനിടെ, കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയും കാർഷിക മേഖലയിൽ പ്രതിസന്ധി തീർത്തിരുന്നു. റബര്‍ കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടിലായത്.
മഴയെ തുടർന്ന് ഡിസംബര്‍ പകുതിക്കുശേഷമാണ് ഷേഡ് സ്ഥാപിക്കാത്ത തോട്ടങ്ങളില്‍ ടാപ്പിങ് പുനരാരംഭിച്ചത്. മഴ വീണ്ടും എത്തിയതോടെ ടാപ്പിങ് മുടങ്ങി. മഴ പെയ്തതിനാല്‍ നേരത്തേ കാപ്പി പൂത്തുതുടങ്ങി. വേനല്‍ ശക്തമായാല്‍ പൂക്കള്‍ നശിക്കുമെന്ന് കർഷകർ പറയുന്നു. കുരുമുളക് വിളവെടുക്കാന്‍ കഴിയാത്തതും ഉണക്കാന്‍ കഴിയാത്തതും മറ്റൊരു പ്രതിസന്ധിയാണ്. വിളവെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഉണക്കിയില്ലെങ്കില്‍ കുരുമുളക് പൂത്തുനശിക്കും. അതേസമയം, വാഴ, പച്ചക്കറി കര്‍ഷകര്‍ക്ക് മഴ ആശ്വാസമായിരുന്നു.
കോട്ടയം: പുതുവർഷം പിറന്ന് 13 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് 1615 ശതമാനം അധിക മഴ. ശനിയാഴ്ചവരെ 4.3 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചതെങ്കിൽ ലഭിച്ചതാകട്ടെ 81.5 മില്ലീമീറ്റർ. ശൈത്യകാല മഴ സീസണിൽ ഇത്തരത്തിലുള്ള വർധന അപൂർവമാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 29 വരെ പെയ്യുന്ന മഴയാണ് ശൈത്യകാല സീസണായി കണക്കാക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലും മൊത്തമായി ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ മഴ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്.
തുലാവര്‍ഷം ഇത്തവണ അധികം പെയ്താണ് പിന്‍വാങ്ങിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ തുലാവര്‍ഷം 38 ശതമാനം അധികം പെയ്തു. ഡിസംബര്‍ പകുതി കഴിഞ്ഞും നീണ്ട മഴയാണ് തുലാവര്‍ഷത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. ഇത്തവണ കാലവര്‍ഷം ജില്ലയില്‍ 38 ശതമാനം കുറവായിരുന്നു. തുലാവര്‍ഷം അധികം പെയ്തുവെങ്കിലും ജലാശയങ്ങളിലെ വെള്ളം അതിവേഗം താഴുകയാണ്. ഇത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ മഴ അധികം പെയ്യുന്നത് വേനൽ കടുക്കാൻ കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.