കാന്തപുരത്തിന്‍റെ നിലപാടിനെ പിന്തുണച്ചാൽ മാത്രം പോരാ, നടപ്പിലാക്കാനും ശ്രമിക്കണം -ജിഫ്രി തങ്ങൾ

കോഴിക്കോട്: രാഷ്ട്രീയലക്ഷ്യങ്ങൾവച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ പോരെന്നും അത് നടപ്പാക്കണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മതവിധി പറയുന്ന പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചുവെന്ന് പറയുന്നു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം. മതവിധി പണ്ഡിതന്മാർ പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്.

സമസ്ത കേരള ജംഇഅത്തുൽ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകൾ, എതിർ രാഷ്ട്രീയ പാർട്ടികളെ എതിർക്കാനായി മതവിധിയെ പിന്തുണക്കുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ പിന്തുണച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ വിമർശിച്ചും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. മത പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നതെന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നുമാണ് പി.എം.എ സലാം പറഞ്ഞത്.

കാന്തപുരം എന്നും തെറ്റുകള്‍ക്കെതിരെ പറയുന്നയാളാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതണ്. സി.പി.എമ്മിന്‍റെ പൊളിറ്റ് ബ്യൂറോയില്‍ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണ്. വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നതിനെ സി.പി.എം തടഞ്ഞെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നും സ്ത്രീകള്‍ക്ക് എതിരാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തുകയും ചെയ്തു. 

കഴിഞ്ഞ ദിവസം കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

അതേസമയം, കാന്തപുരത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും പാർട്ടി സെക്രട്ടറി ഓ‍ർമിപ്പിച്ചു.

എന്നാൽ, എം.വി. ഗോവിന്ദന് വിമർശത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി.

'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരിഹാസം.

Tags:    
News Summary - We need to stop bashing religious scholars - Gifry Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.