വയനാട്: എസ്റ്റേറ്റിൽ ഒരുമാസം പണിയെടുത്താൽ സെൽവരത്നത്തിന് കിട്ടുന്നത് ഏഴായിരത്തോളം രൂപയാണ്. ഇതുകൊണ്ട് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ പോറ്റണം. മറ്റു െചലവുകൾ വേറെ. എസ്റ്റേറ്റ് പാടിയിലെ ദുരിത ജീവിതത്തിൽനിന്ന് മോചനം കൊതിച്ചാണ് അൽപസ്വൽപം മിച്ചംവെച്ചും ബാങ്കിൽനിന്ന് നാലര ലക്ഷം വായ്പയെടുത്തും പൊഴുതന അമ്മാറയിൽ സെൻറിന് ലക്ഷം രൂപ നിരക്കിൽ ഒമ്പതു സെൻറ് ഭൂമി വാങ്ങിയത്.
ആഭരണങ്ങൾ വിറ്റും കടം വാങ്ങിയുമൊക്കെ ചെറിയൊരു വീട് തട്ടിക്കൂട്ടിവരികയായിരുന്നു. വാർപ്പ് കഴിഞ്ഞതേയുള്ളൂ. ആറര ലക്ഷത്തോളം രൂപ ചെലവായി. സ്ഥലം വാങ്ങാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതെ കുഴങ്ങുകയാണ്.
ഇതിനിടയിലാണ് അമ്മാറയിൽ സെൽവരത്നത്തിേൻറത് ഉൾപ്പെടെ ഏഴു വീടുകൾ കടപുഴക്കിയ ഉരുൾപൊട്ടലുണ്ടായത്. പാറക്കഷ്ണങ്ങൾ കുത്തിയൊലിച്ചുവന്ന് സ്വപ്നങ്ങളെ കടപുഴക്കിയെറിയുേമ്പാൾ ഇട്ടുടുത്ത വസ്ത്രവും ജീവൻ ബാക്കിയായ ആശ്വാസവും മാത്രമാണ് ഇപ്പോൾ സ്വന്തമായുള്ളത്. പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞത് സെൽവരത്നത്തെ പോലുള്ളവരുടെ ജീവിതങ്ങെളയാണ്. വീടും സ്ഥലവും പോയവർക്ക് സർക്കാർ 10 ലക്ഷം നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ, ഇതുകൊണ്ട് ജീവിതം എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കുറിച്യർമലയിൽ 42 സെൻറ് സ്ഥലവും വീടും ഏഴു പശുക്കളും മണ്ണിനടിയിലായ പി.പി. മൊയ്തു ചോദിക്കുന്നു.
അമ്മാറയിൽ 82 സെൻറ് സ്ഥലത്തെ കണ്ണായ കാപ്പിത്തോട്ടവും വീടും ഉരുൾപൊട്ടിയൊലിച്ചുപോയ കൗസല്യയുടെ ചോദ്യവും ഇതുതന്നെ. കൗസല്യ, ശിവൻ, അസീസ്, സുകു, ഗീത എന്നിവരുടെ ആധിയും വേറെയല്ല. പോയതൊക്കെയും വേണ്ട, അഞ്ച് സെൻറിലൊരു വീട് ഉണ്ടാക്കിത്തരുമോ? നെഞ്ചുരുകി ഇവരൊക്കെ ചോദിക്കുന്നതിപ്പോൾ ഇതുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.