മാനന്തവാടി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച വാളാട് ക്ലസ്റ്ററില്‍ 3607 പരിശോധനകള്‍ നടത്തിയതില്‍ 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വാളാട് സമ്പര്‍ക്കത്തിലുള്ളവര്‍ എട്ട് പഞ്ചായത്തുകളില്‍ കഴിയുന്നതായി കണ്ടെത്തുകയും ഊര്‍ജിത ശ്രമത്തിലൂടെ ബന്ധപ്പെട്ടവരെ പരിശോധനകള്‍ വിധേയമാക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ കേസുകള്‍ കുറയുന്നുണ്ട്. എന്നാലും ശക്തമായ ജാഗ്രത ആവശ്യമാണെന്നും വ്യക്തമാക്കി.
ജില്ലയില്‍ 25 പട്ടിക വര്‍ഗക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേര്‍ വാളാട് സമ്പര്‍ക്കവുമായി ബന്ധപ്പെട്ടാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാല് പൊലീസുകാര്‍ക്കും രോഗം ബാധിച്ചു. ഇപ്പോള്‍ മാനന്തവാടി കോവിഡ് ആശുപത്രിക്ക് പുറമെ അഞ്ച് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററുകളിലാണ് രോഗികളെ ചികിത്സിക്കുന്നത്. അഞ്ചുപേര്‍ ഐ.സി.യുവിലുണ്ട്. ഇപ്പോള്‍ 28 എഫ്.എല്‍.ടി.സികളിലായി 2830 ബെഡുകള്‍ പൂര്‍ണ സജ്ജമാണ്.
മാനന്തവാടിയില്‍ 12, കല്‍പ്പറ്റയില്‍ ഒമ്പത്, ബത്തേരിയില്‍ ഏഴ് എന്നിങ്ങനെയാണ് സെൻററുകളുള്ളത്. ആകെ 61 എഫ്.എല്‍.ടി.സികള്‍ക്കുള്ള ക്രമീകരണങ്ങളായിട്ടുണ്ട്. സൗകര്യമില്ലാത്ത പൊഴുതന, മുള്ളന്‍കൊല്ലി, നെന്മേനി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ ബെഡുകള്‍ ഒരുക്കുമെന്നും അറിയിച്ചു.
വയനാട് ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. ഇപ്പോള്‍ ഒരു ദിവസം 500 മുതല്‍ 800 വരെ പരിശോധനകളാണ് നടക്കുന്നത്. 15നകം 1000 മായും 20 നകം 1200 ആയും വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ ഭരണസംവിധാനവും ആരോഗ്യ വകുപ്പും പൊലീസും മറ്റ് വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേമായി തുടരുന്നതെന്നും ഇതിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.