പിണറായി വിജയൻ

വയനാട് പുനരധിവാസം: കേന്ദ്രസർക്കാർ ആവശ്യത്തിന്‍റെ എട്ടിലൊന്ന് പോലും അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേപ്പാടിയിൽ ദുരന്തമുണ്ടായത് 2024 ജൂലൈ 30നാണ്. പത്തു ദിവസത്തിനകം കേന്ദ്രസംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി. ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക വിലയിരുത്തൽ നടത്തി 1202.12 കോടി രൂപയുടെ അടിയന്തര സഹായം കേരളം അഭ്യർഥിച്ചു. അടിയന്തിര സഹായം ഒന്നും അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്ത ബാധിതരുടെ വായ്പ എഴുതി തളളാൻ അഭ്യർഥിച്ചിട്ടും ഇതുവരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കുകയും ചെയ്തു. ദേശീയ ദുരന്ത നിയമ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായി.

ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17നാണ്. മെമ്മോറാണ്ടത്തിനു പുറമെ പി.ഡി.എന്‍.എ നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13നും സമർപ്പിച്ചു. ഈ രണ്ട് ഘട്ടത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. ഈ വർഷം മാർച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും ഇനി സഹായം നൽകാൻ കഴിയില്ല എന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

അതി തീവ്രദുരന്തം ആയി പ്രഖ്യാപിക്കുവാൻ പോലും അഞ്ചു മാസം സമയം എടുത്തു. ഇത് മൂലം അന്താരാഷ്ട്ര സഹായ സാധ്യതകൾ ഇല്ലാതാക്കി. 2221.03 കോടി രൂപ പുനർനിർമാണ സഹായമാണ് വേണ്ടതെന്ന് മാനദണ്ഡങ്ങൾ പ്രകാരം ആവശ്യപ്പെട്ടതിന്മേൽ 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നമ്മുടെ യഥാർഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും വരില്ല.

കേരളത്തെ അവഗണിക്കുന്ന തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആ പ്രതിഷേധം നാടിന്റെയാകെ വികാരമാണ്. അത് മനസ്സിലാക്കി, സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Wayanad Rehabilitation: The central govt has not allocated even one-eighth of the requirement says the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.