ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കല്‍പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ ഒരുമയുടെ കരുത്താണ് ഇവിടെവരെ എത്തിച്ചത്. ഇതാണ് ഈ ദൗത്യത്തിന്‍റെ ശക്തി. ജനങ്ങളുടെ ഒരുമയാണ് അസാധ്യമെന്ന് കരുതുന്ന ഈ ദൗത്യം ഏറ്റെടുക്കാനുള്ള ആർജവവും ധൈര്യവും നൽകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളും സഹകരിച്ചു. നാടിന്റെ അപൂര്‍വതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പ് തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 529 കോടിയുടെ തിരിച്ചടയ്‌ക്കേണ്ട വായ്പ മാത്രമാണ് ലഭിച്ചത്. പഴയ അനുഭവം വച്ച് ഇനി കിട്ടുമോയെന്ന് അറിയില്ല. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കും. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. ജനങ്ങളില്‍ വലിയ വിഭാഗം നിത്യജീവിതത്തിന് മാറ്റിവെച്ച ഓഹരി വയനാടിനായി നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടത്തുന്ന രക്ഷാ-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഓരോ ഘട്ടത്തിലും സര്‍ക്കാരിന് എവിടെയാണ് ചെറിയ ചെറിയ തെറ്റുകള്‍ പറ്റുന്നതെന്ന് കണ്ടെത്താന്‍ ഒരു സൂഷ്മദര്‍ശിനിയുമായി പിന്നാലെ നടന്ന് അത് പെരുപ്പിച്ച് കാട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിച്ചില്ല എന്നത് അഭിമാനത്തോടെ പറയുന്നു. നാം ഒറ്റക്കെട്ടായാണ് നാടിന്റെ ദുരന്തത്തെ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കാലതാമസമുണ്ടാകാതെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.