കലോത്സവത്തിലെ കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ട എത്തിക്കും -സുരേഷ് ഗോപി

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ടയരി കലവറയിൽ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കുട്ടികളുടെ സ്റ്റേജിലെ കലാപരമായ പ്രോത്സാഹനത്തിന് ഇതിലൂടെ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ അരി, പച്ചക്കറി കബോളത്തിലെ എല്ലാവരും സഹകരിക്കണം. മൂന്ന് ടൺ പാലക്കാടൻ മട്ടയരി ഇന്ന് തന്നെ തൃശ്ശൂരിലേക്ക് ലോഡ് കയറും. മറ്റൊന്നിനും വേണ്ടിയല്ല താനിത് ചെയ്യുന്നത്. തൻറെ സംഭാവന വളരെ ചെറുതായിരിക്കാം.

ഒരു ദിവസം 60,000 പേർ ഭക്ഷണം കഴിക്കുമെന്ന് പറയുന്നിടത്ത് ഊണ് കഴിക്കുന്നത് 20,000 പേരായിരിക്കും, മൂന്ന് ടൺ അരി എത്ര ദിവസത്തേക്ക് സാധ്യമാകുമെന്ന് അറിയിലല. ഇത് പ്രേരണയാകാൻ സഹായിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശൂരിൽ തിരിതെളിഞ്ഞു. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

മനുഷ്യന് കിട്ടിയ അത്ഭുതകരമായ സിദ്ധിയാണ് കലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേപോലെ ആനന്ദിപ്പിക്കുന്നു. ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാര്‍ ചെയ്യുന്നത്. ചിത്രകാരന്‍ വരയും വര്‍ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകര്‍ സ്വരം കൊണ്ടാണത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖഭാവം കൊണ്ടും. ആത്യന്തികമായി ഇവരെല്ലാം ആനന്ദാനുഭവം സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത്.

എന്നാല്‍, ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ധര്‍മ്മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കു ഞെട്ടിച്ചുണര്‍ത്തല്‍ കൂടിയാവണം കലയുടെ ധര്‍മ്മം. സാമൂഹ്യ വ്യവസ്ഥിതി പൊളിച്ചെഴുതുന്നതില്‍ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തില്‍ നിന്നു നിങ്ങള്‍ മനസ്സിലാക്കണം.

ആദിമ കാലം മുതല്‍ മനുഷ്യര്‍ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മത്സരത്തിനോ സമ്മാനത്തിനോ വേണ്ടിയായിരുന്നില്ല അത്. ഉള്ളിലെ കഴിവ് സ്വയമറിയാതെ ആവിഷ്‌കരിക്കുകയായിരുന്നു. അങ്ങനെയാണ് പ്രാചീന ഗുഹാചിത്രങ്ങളുണ്ടായത്. നാടന്‍ പാട്ടുകളും നാടന്‍ കലകളുമുണ്ടായത്. അവതാരകരും പ്രേക്ഷകരും എന്ന വേര്‍തിരിവ് അന്നുണ്ടായിരുന്നില്ല. എല്ലാവരും എല്ലാത്തിലും പങ്കാളികളായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Suresh Gopi offer three Ton Palakkadan Matta to School Kalolsavam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.