117.5 പവ ൻ സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് വില 1,22,81,100 രൂപയാണ്. ഒന്നേകാൽ കോടി രൂപയുടെ സ്വർണക്കപ്പ് സ്വന്തമാക്കാൻ വേണ്ടിയുള്ള കൗമാര കലാമാമാങ്കത്തിന്റെ കേളികൊട്ടുയരാൻ തൃശൂരിന്റെ മണ്ണിൽ ഇനി നിമിഷങ്ങൾ മാത്രം. കലോത്സവത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമ്മാനമൂല്യമുള്ള സംസ്ഥാന കലോത്സവമാണ് തൃശൂരിൽ ഇന്നുമുതൽ അരങ്ങേറുന്നത്.
ബുധനാഴ്ച രാവിലെ 10ന് വടക്കുംനാഥൻ ക്ഷേത്രത്തിന് സമീപത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ ഒരുക്കിയ ‘സൂര്യകാന്തി’ എന്ന് പേരിട്ട കൂറ്റൻ പന്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ കേരളം മുഴുവൻ തൃശൂർ സ്വരാജ് റൗണ്ടിലേക്ക് കണ്ണും കാതും കൂർപ്പിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റൗണ്ട് എബൗട്ടായ സ്വരാജ് റൗണ്ടിൽ ഇനി താളമേളങ്ങളുടെയും വർണ വൈവിധ്യത്തിന്റെയും ദിനങ്ങളാകും. കലോത്സവത്തിലേക്ക് ഇതര ജില്ലകളിൽനിന്നും മത്സരാർഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ ഇന്നലെ മുതൽതന്നെ എത്തിത്തുടങ്ങി. വിദ്യാർഥികളുടെ ആദ്യ സംഘത്തെ ചൊവ്വാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, റവന്യു മന്ത്രി കെ. രാജൻ, മേയർ നിജി ജസ്റ്റിൻ എന്നിവർ റെയിൽവേ സ്റ്റേഷനിലെത്തി സ്വീകരിച്ചു.
നഗരനടുവിലെ 65 ഏക്കറിന്റെ ഒത്തമധ്യത്തിൽ ഒരു ദേവനിരിപ്പുണ്ട്. വടക്കുംനാഥൻ. ചുറ്റിനും മരങ്ങളും പച്ചപ്പും. ദേവമന്ത്രങ്ങളും പുഷ്പാർച്ചനയും ആരതിയും മാത്രം കണികണ്ടുണരുന്ന ഈ മണ്ണിൽ ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ അരങ്ങേറുന്നത് കലയുടെ അർച്ചനയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളിടങ്ങളിൽ നിന്നെത്തിയ മലയാളത്തിന്റെ മക്കൾ തേക്കിൻകാടൊരു കലക്കാടാക്കി മാറ്റുന്ന ദിനങ്ങൾ. 12,000 മത്സരാർഥികൾ അണിനിരക്കുന്ന പരിപാടിക്ക് 25 വേദികളാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വേദികളും തേക്കിൻകാട് മൈതാനിയിലാണ്.
ഒന്നാംവേദിയുടെ അനുബന്ധമായ മറ്റെല്ലാ സംവിധാനങ്ങളും അടക്കം 20ലേറെ പന്തലുകളാണ് തേക്കിൻകാട് മാത്രമുള്ളത്. ഏറ്റവും കൂടുതൽ കാണികളുള്ള നൃത്ത ഇനങ്ങളെല്ലാം തേക്കിൻകാടിൽ ഒരുക്കിയ മൂന്ന് വേദികളിലാണ് അരങ്ങേറുക. മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിര, ഒപ്പന, നാടോടി നൃത്തം, ആദിവാസി നൃത്ത ഇനങ്ങൾ, കുച്ചിപ്പുടി എന്നിവയെല്ലാം ഒന്ന്, രണ്ട്, മൂന്ന് വേദികളിൽ അരങ്ങേറും.
ബുധനാഴ്ച രാവിലെ 11.30ന് മത്സരങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച ഉച്ചയോടെ മത്സരങ്ങൾക്ക് ഏകദേശം പരിസമാപ്തിയാകും. പതിനായിരങ്ങൾക്ക് മൂന്നുനേരവും വെച്ചുവിളമ്പാൻ കോർപറേഷൻ സ്റ്റേഡിയത്തിൽ ഊട്ടുപുരയും സജ്ജമായിക്കഴിഞ്ഞു. 100ലേറെ സ്ത്രീ സൗഹൃദ ഓട്ടോകളും വേദികളിൽനിന്ന് വേദികളിലേക്ക് യാത്ര ചെയ്യാൻ നഗരത്തിൽ സദാസന്നദ്ധമായുണ്ടാകും. കോർപറേഷനും ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും പൊലീസും നാട്ടുകാരും മാധ്യമങ്ങളുമെല്ലാം ചേർന്ന് കൗമാര കലോത്സവം എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുതകും വിധം സജ്ജമാക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.