‘എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നപ്പോൾ ഒരു സി.പി.എമ്മുകാരനും പ്രതിഷേധമില്ല, ഐഷാ പോറ്റി കോൺഗ്രസിലെത്തിയപ്പോൾ കോലാഹലം’; സഖ്യകക്ഷിയെ പിണക്കാൻ സി.പി.എമ്മിന് കഴിയില്ലല്ലോ എന്ന് ഷിബു ബേബി ജോൺ

മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിലെത്തിയപ്പോൾ അവരെ അവഹേളിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ നിറയുന്ന സി.പി.എം ഹാൻഡിലുകൾ, മറ്റൊരു മുൻ എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നപ്പോൾ പ്രതിഷേധങ്ങളുമായി രംഗത്തുവരാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ആർ.എസ്.പി (ബി) നേതാവ് ഷിബു ബേബി ജോൺ. സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്ക് പോകുന്നതിൽ അവർക്കാർക്കും വിരോധമില്ലെന്നും കോൺഗ്രസിൽ ചേരുന്നതിന് മാത്രമാണ് പ്രശ്നമെന്നുമല്ലേ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതെന്നും ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിബു ചോദിക്കുന്നു.

ബി.ജെ.പിയോട് മൃദു സമീപനമുള്ള സി.പി.എമ്മിന്റെ മുഖ്യശത്രു കോൺഗ്രസാണ് എന്നതിന്റെ തെളിവുകൾ ഏറെയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവിൽ കുടിയൊഴിപ്പിക്കൽ നടന്നപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ധാർമികരോഷം കൊണ്ട് തിളച്ചത് നമ്മൾ കണ്ടു. എ.എ. റഹീമും മറ്റു സി.പി.എമ്മുകാരും അവിടെ പറന്നെത്തി പ്രതിഷേധം നയിച്ചു. എന്നാൽ, ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ അർധരാത്രിയിൽ നിരാലംബരായ മനുഷ്യരെ കുടിയിറക്കി വിട്ടിട്ട് ഒരാഴ്ചയായിട്ടും സി.പി.എമ്മിന് അത് കാണുകയും വേണ്ട, അവിടേക്ക് പോവുകയും വേണ്ട. ഡൽഹി ഭരിക്കുന്നത് ആരാണെന്ന് നമുക്കറിയാം. അല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ കൈകോർത്തിരിക്കുന്ന സഖ്യകക്ഷിയെ പിണക്കാൻ സി.പി.എമ്മിന് കഴിയില്ലല്ലോ എന്നും ഷിബു പരിഹസിച്ചു.


Full View

​ഫേസ് ബുക് പോസ്റ്റിന്റെ പൂർണ രൂപം

രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖം ഐഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയപ്പോൾ സൈബർ സ്പേസിൽ വലിയ കോലാഹലങ്ങളാണ്. അവരെ അവഹേളിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും സിപിഎം ഹാൻഡിലുകളിൽ നിന്നുള്ള പോസ്റ്റുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ നിറയുന്നു. എന്നാൽ, രണ്ടുദിവസം മുമ്പ് സിപിഎമ്മിന്റെ മറ്റൊരു മുൻ എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു സിപിഎമ്മുകാരനെയും പ്രതിഷേധങ്ങളുമായി കണ്ടില്ല. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പോകുന്നതിൽ അവർക്കാർക്കും വിരോധമില്ലെന്നും കോൺഗ്രസിൽ ചേരുന്നതിന് മാത്രമാണ് പ്രശ്നമെന്നുമല്ലേ ഇതിൽ നിന്നും മനസ്സിലാക്കാൻ?

ബിജെപിയോട് മൃദു സമീപനമുള്ള സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസാണ് എന്നതിന്റെ തെളിവുകൾ ഇനിയും ഒട്ടനവധിയുണ്ട്. ബാംഗ്ലൂരിൽ കുടിയൊഴിപ്പിക്കൽ നടന്നപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ധാർമികരോഷം കൊണ്ട് തിളച്ചത് നമ്മൾ കണ്ടു. എഎ റഹീമും മറ്റു സിപിഎമ്മുകാരും ബാംഗ്ലൂരിലേക്ക് പറന്നെത്തി പ്രതിഷേധം നയിച്ചു. എന്നാൽ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ അർദ്ധരാത്രിയിൽ നിരാലംബരായ മനുഷ്യരെ കുടിയിറക്കി വിട്ടിട്ട് ഒരാഴ്ച്ചയായി. സിപിഎമ്മിന് അത് കാണുകയും വേണ്ട, അവിടേക്ക് പോവുകയും വേണ്ട.

ഡൽഹി ഭരിക്കുന്നത് ആരാണെന്ന് നമുക്കറിയാം. കർണാടക ഭരിക്കുന്നത് ആരാണെന്നും. അല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ കൈകോർത്തിരിക്കുന്ന സഖ്യകക്ഷിയെ പിണക്കാൻ സിപിഎമ്മിന് കഴിയില്ലല്ലോ.

സ്വാഭാവികം!

Tags:    
News Summary - ‘When S. Rajendran joined BJP, no CPM member protested, but when Aisha Potti joined Congress, there was an uproar’; Shibu Baby John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.