തിരുവനന്തപുര: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിന്റ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.
കല്‍പ്പറ്റ ബൈപാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, ടൈല്‍ പാകല്‍, പെയിന്റിങ് തുടങ്ങിയവ പുരോഗമിക്കുന്നു. 3.9 കി.മീ. നീളത്തില്‍ റോഡിന്റെ പ്രാരംഭപണി പൂര്‍ത്തിയായി.
കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞു. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്.
20 വര്‍ഷത്തോളം വാറന്റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് കേടുപാടുകളില്‍നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. ‘ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ലൈഫ് പദ്ധതി വഴി 4,76,076 വീടുകള്‍ പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി.
ഫെബ്രുവരിയില്‍ ഇത് അഞ്ചു ലക്ഷം പൂര്‍ത്തിയാക്കും. 1,24,471 വീടുകളാണ് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.