മേപ്പാടി (വയനാട്): ഉരുൾദുരന്തമുണ്ടായപ്പോള് വയനാടന്‍ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരതയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ദുരന്തസമയത്ത് ജാതിയുടെയും മതത്തിന്റെയും പ്രായത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ജനങ്ങള്‍ തോളോടു തോള് ചേര്‍ന്നുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതര്‍ക്കായി കുന്നമ്പറ്റയിൽ കോണ്‍ഗ്രസ് നിർമിച്ചുനല്‍കുന്ന ഭവനസമുച്ചയ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത സ്ഥലം സന്ദർശിച്ചപ്പോൾ ഒരു നാടൊന്നാകെ ഒലിച്ചുപോയ ഇടം കണ്ടു. ജനങ്ങള്‍ പറയുമ്പോഴല്ലാതെ അങ്ങനെയൊരു ഗ്രാമം അവിടെ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഉണങ്ങാത്ത മുറിവുമായി നഷ്ടപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നെങ്കിലെന്ന ചിന്തയുമായി ശിഷ്ടകാലം ജീവിക്കേണ്ടിവരുന്നവരുടെ വേദന വലുതാണ്.
അതിജീവനത്തിന്റെ പാതയില്‍ എപ്പോഴുമുണ്ടാകും. നമ്മളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. ഭൂമി ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് ഭവനപദ്ധതി വൈകാന്‍ ഇടയാക്കിയതെന്ന് പ്രിയങ്ക ഗാന്ധി സൂചിപ്പിച്ചിരുന്നു. എല്ലാ കടമ്പകളും കടന്ന് അതിവേഗം വീടുകള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ആളുകളുടെ കൈകളിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, പ്രിയങ്ക ഗാന്ധി എം.പി, ദീപാദാസ് മുന്‍ഷി, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്, എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, പി.കെ. ബഷീര്‍, ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. ടി.ജെ. ഐസക്, കെ. പ്രവീണ്‍കുമാര്‍, വി.എസ്. ജോയി, നേതാക്കളായ മന്‍സൂര്‍ അലി ഖാന്, അഡ്വ. കെ. ജയന്ത്, കെ.എല്‍. പൗലോസ്, സക്കീര്‍ ഹുസൈന്, വിദ്യ ബാലകൃഷ്ണന്, എന്‍.ഡി. അപ്പച്ചന്, പി.കെ. ജയലക്ഷ്മി, ടി. മുഹമ്മദ്, പി.പി. ആലി, ചന്ദ്രിക കൃഷ്ണന്, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, കെ.ഇ. വിനയന്, ടി. ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.