തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാസം 20ന് ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം.
വില വർധനവിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വില. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാൽവില വർദ്ധിപ്പിക്കുന്നത് പ്രതികൂലമാവുമെന്നതിനാൽ സർക്കാർ തീരുമാനം വില വർധനക്ക് അനുകൂലമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.