വന്ദേഭാരതിൽ ചോർച്ച പരിഹരിക്കുന്നു. (ചിത്രം -പി. സന്ദീപ്)
കണ്ണൂർ: ഉദ്ഘാടനയാത്ര കാസർകോട്ട് അവസാനിപ്പിച്ചശേഷം ചൊവ്വാഴ്ച രാത്രി കണ്ണൂരിൽ നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ച കണ്ടെത്തി. എക്സിക്യൂട്ടിവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. ചോർച്ച ശ്രദ്ധയിൽപെട്ടയുടൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നുള്ള വിദഗ്ധരും റെയിൽവേ സാങ്കേതിക ജീവനക്കാരും ചേർന്ന് പ്രശ്നം പരിഹരിച്ചു.
വെള്ളം നിറയ്ക്കലും സുരക്ഷപ്രശ്നവും ഉൾപ്പടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് ട്രെയിൻ രാത്രി 11ഓടെ കണ്ണൂരിലെത്തിച്ചത്. രണ്ടാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മഴയുണ്ടായത്. പ്രശ്നം പരിഹരിച്ചശേഷം ബുധനാഴ്ച ഉച്ചക്കുമുമ്പ് ട്രെയിൻ കാസർകോട്ടേക്ക് തിരിക്കുകയും ചെയ്തു.
അതേസമയം, മഴയിൽ ചോർച്ചയുണ്ടായില്ലെന്നും എ.സി ഗ്രില്ലില്‍നിന്ന് വെള്ളം കിനിഞ്ഞിറങ്ങുകയായിരുന്നുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ആദ്യ സർവിസായതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണ്. അതിനായി പരിശോധന തുടരും. ഉദ്യോഗസ്ഥരുടെ പരിശോധന ചോർച്ചയായി പ്രചരിക്കുകയായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു.
മഴയിൽ ചോർച്ചയുണ്ടായില്ലെന്നും അത്തരമൊരു സാധ്യതയില്ലെന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എസ്. സജിത് കുമാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.