കൊച്ചി: പ്രളയജലമിറങ്ങി തെളിഞ്ഞ ദുരന്ത മേഖലകളിലെ റോഡുകൾക്കിരുവശവും അറുതിയില്ലാത്ത മാലിന്യക്കാഴ്ചകൾ. പ്രളയജലം ഒഴുക്കിെക്കാണ്ടുവന്ന് നിക്ഷേപിച്ച മാലിന്യങ്ങൾ മാത്രമല്ല, വെള്ളംകയറി നശിച്ച വീടുകളിൽനിന്ന് ഒഴിവാക്കിയ ഉപയോഗശൂന്യമായ വസ്തുക്കളും ദുരന്തക്കാഴ്ചകളാണ്. സർക്കാറിൽനിന്ന് വ്യക്തമായ നിർദേശം ലഭിക്കാത്തതിനാൽ മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നറിയാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വെട്ടിലായി.
വസ്ത്രങ്ങൾ, കിടക്കകൾ, തലയിണകൾ, കസേരകൾ എന്നിവയാണ് അടിഞ്ഞുകൂടിയവയിലേറെയും. ഒടിഞ്ഞും അല്ലാതെയുമുള്ള കട്ടിലുകളും മരവും പ്ലാസ്റ്റിക്കും കൊണ്ടുള്ള മറ്റു വീട്ടുപകരണങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. കളിപ്പാട്ടങ്ങളും കുഞ്ഞ് സൈക്കിളുകളും പാത്രങ്ങളും കൂട്ടത്തിലുണ്ട്. പാതയോരങ്ങളിലാകെ ചിതറിക്കിടന്ന മാലിന്യങ്ങൾ പലയിടത്തും നാട്ടുകാരുടെ സഹായത്തോടെ ഒന്നിച്ചുകൂട്ടുകയായിരുന്നു.
വെള്ളംകയറിയ വ്യാപാര സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും ഒഴിവാക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ നിക്ഷേപസ്ഥാനവും ഇൗ മാലിന്യക്കൂമ്പാരങ്ങൾ തന്നെ. വീടുകളിൽ അടിഞ്ഞുകൂടിയ ചളിയടക്കം മാലിന്യങ്ങൾ ഇങ്ങനെ നിക്ഷേപിക്കുന്നുണ്ട്. വീടുകൾ വൃത്തിയാക്കുന്നതിനൊപ്പം പുറന്തള്ളുന്ന ഇവ ദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി കളയാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ദുരന്തം നേരിട്ടശേഷം സകലതും നഷ്ടപ്പെട്ട് വീടുകളിൽ തിരിച്ചെത്തിയവരോട് സുരക്ഷിതമായ മാലിന്യ നിക്ഷേപത്തിന് നിർദേശിക്കാനുമാകില്ല. വെള്ളമിറങ്ങി ദിവസങ്ങൾ ഏറെയായിട്ടും ആദ്യം അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരങ്ങൾ പോലും നീക്കംചെയ്യാൻ പലയിടത്തും സാധിച്ചിട്ടില്ല.
വ്യക്തമായ നിർദേശം സർക്കാർ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് തേദ്ദശ സ്ഥാപന മേധാവികൾ നൽകുന്ന വിശദീകരണം. പല തദ്ദേശ സ്ഥാപനങ്ങളുടെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളടക്കം ഒലിച്ചുപോയി. റവന്യൂ അധികൃതർ നിക്ഷേപസ്ഥലം കണ്ടെത്തി നിർദേശം നൽകുമെന്ന സൂചനയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ, ഇതുവരെ നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.