വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചുവര്‍ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പരാതി

തൃപ്പൂണിത്തുറ: വടക്കേകോട്ട മെട്രോ സ്റ്റേഷനിലെ ചുവര്‍ ചിത്രത്തില്‍ മലബാര്‍ കലാപത്തെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ചിത്രം വെച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പിയും പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐയും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി, യുവമോര്‍ച്ച, ഹിന്ദു ഐക്യവേദി സംഘടനകള്‍ സംയുക്തമായി വടക്കേകോട്ട മെട്രോ സ്റ്റേഷനില്‍ പ്രതിഷേധത്തിനെത്തിയത്. ഇതിനിടയില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചുവര്‍ ചിത്രത്തിന് മുകളില്‍ മറ്റൊരു ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലാവുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം ചിത്രവും പേരും നീക്കം ചെയ്ത് തൃപ്പൂണിത്തുറയുടെ സാംസ്‌കാരിക പൈതൃകം നിറഞ്ഞുനില്‍ക്കുന്ന ചരിത്രം രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ എം.ഡി ലോകനാഥ് ബെഹറയ്ക്ക് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പരാതി നല്‍കി.

കഴിഞ്ഞ തൃപ്പൂണിത്തുറ നഗരസഭ ബജറ്റിന്റെ കവര്‍ പേജില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോയൊടൊപ്പം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ വെച്ചതിനെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം നശിപ്പിക്കാനും മെട്രോ സ്റ്റേഷന്‍ ആക്രമിക്കാനും ശ്രമിച്ച ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ.മുജീബ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    
News Summary - Wariankunnat Kunjahammad Haji's wall picture is a complaint to be removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.