ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾക്കു മേൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് ബില്ലിലെ വിവാദ നിർദേശങ്ങൾക്ക് മേലൊപ്പ് ചാർത്തിയ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വെക്കും. ചെയർമാൻ ജഗദാംബിക പാൽ ആയിരിക്കും റിപ്പോർട്ട് സഭയിൽ വെക്കുക. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കുറെക്കൂടി കടുപ്പിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ കരട് വഖഫ് ബിൽ അടങ്ങുന്നതാണ് ജെ.പി.സി റിപ്പോർട്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള റിപ്പോർട്ടുകൾക്കൊപ്പം സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും തെളിവുകളുമുണ്ടാകും.
വഖഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാറിന്റെ കൈപ്പിടിയിലാക്കാനും നിരവധി വഖഫ് കൈയേറ്റങ്ങൾക്ക് വഴിവെക്കാനും നിമിത്തമാകുന്ന നിയമനിർമാണം യാഥാർഥ്യമാക്കുന്നതിലേക്ക് ഇതോടെ ബി.ജെ.പി ഒരു ചവടുകൂടി മുന്നോട്ടുവെക്കുകയാണ്. റിപ്പോർട്ട് സഭയിൽ വെച്ചുകഴിഞ്ഞാൽ ജെ.പി.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതെന്ന് അവകാശപ്പെട്ട് 14 ഭേദഗതികൾ വരുത്തിയ ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. ഈ മാസം മൂന്നിനുള്ള ലോക്സഭ അജണ്ടയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്ന വഖഫ് ജെ.പി.സി റിപ്പോർട്ട് സമർപ്പണം തലേന്നാൾ രാത്രി പൊടുന്നനെ പട്ടികയിൽനിന്ന് മാറ്റുകയായിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം റിപ്പോർട്ട് വെക്കുമെന്നായിരുന്നു അന്ന് ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്.
ബില്ലിനോട് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്ന എൻ.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദൾ-യുവും ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയും നിലപാട് മാറ്റി പിന്തുണച്ചതിനെ തുടർന്നാണ് വഖഫിൽ സ്വന്തം അജണ്ട നടപ്പാക്കാൻ ബി.ജെ.പിക്കായത്.
തിരക്കിട്ട നടപടികളിലൂടെ കഴിഞ്ഞ മാസം 29ന് വോട്ടിനിട്ട് പാസാക്കി 30നാണ് സമിതിയിലെ ബി.ജെ.പി അംഗങ്ങൾ മാത്രം ചേർന്ന് റിപ്പോർട്ട് സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ചത്. സർക്കാറിന് അനുകൂലമായ തരത്തിൽ ഏകപക്ഷീയമായി തയാറാക്കിയ റിപ്പോർട്ടിൽ പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നിർദേശങ്ങൾ വിയോജനക്കുറിപ്പായി ചേർക്കാമെന്നായിരുന്നു അവസാന യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞിരുന്നത്. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നിർദേശങ്ങൾ ഒന്നുപോലും സ്വീകരിക്കാതെ തയാറാക്കിയ റിപ്പോർട്ടിൽ അവരുടെ ഭാഗം വിയോജനക്കുറിപ്പായി അനുബന്ധത്തിൽ ചേർക്കാമെന്ന ഉറപ്പും ചെയർമാൻ ജഗദാംബിക പാൽ ലംഘിച്ചു. കൂടുതൽ പേജുള്ള വിയോജനക്കുറിപ്പുകളും ജെ.പി.സി വോട്ടിനിട്ട് തള്ളിയ നിർദേശങ്ങളും റിപ്പോർട്ടിനൊപ്പം വിയോജനക്കുറിപ്പായി ചേർക്കാനാവില്ലെന്ന് പറഞ്ഞാണ് ചെയർമാൻ പ്രതിപക്ഷ നിർദേശങ്ങൾ മുഴുവനായും അനുബന്ധത്തിൽ ചേർക്കാൻ തയാറാവാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.