ഉമർ ഫൈസി മുക്കം

വഖഫ് വിശദീകരണ സമ്മേളനം നാളെ; ലക്ഷ്യം ഉമ്മർ ഫൈസിയെന്ന് സൂചന, സമസ്തയുടെ പരിപാടിയല്ലെന്ന് നാസർ ഫൈസി കൂടത്തായി

മലപ്പുറം: വഖഫ് വിശദീകരണ സമിതിയുടെ പേരിൽ വെള്ളിയാഴ്ച മലപ്പുറത്ത് സമസ്തയിലെ ലീഗ് അനുകൂലികൾ നടത്തുന്ന സമ്മേളനം ഉമർ ഫൈസി മുക്കം സി.പി.എം വേദിയിൽ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകാൻ ഉദ്ദേശിച്ചുള്ളതെന്ന് സൂചന. മലപ്പുറം ജില്ല ലീഗ് അധ്യക്ഷൻ പാണക്കാട് അബ്ബാസലി തങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചാണ് സമ്മേളന ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

സമീപ ജില്ലകളിൽ നിന്നടക്കം പ്രവർത്തകരെ എത്തിച്ച് നടത്തുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. പരിപാടിയിൽ പാണക്കാട് കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.

സി.പി.എം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെ സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. 23ന് സമസ്ത മുശാവറ ചേരാനിരിക്കെ ഉമർ ഫൈസിക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ലീഗ് പക്ഷം ഉറച്ചുനിൽക്കുകയാണ്.

അതേസമയം, വഖഫ് ബോർഡ് വിശദീകരണ സമിതിയാണ് വെള്ളിയാഴ്ച മലപ്പുറത്ത് നടത്തുന്ന സമ്മേളനത്തിന്റെ സംഘാടകരെന്നും ഇത് സമസ്തയുടെ പരിപാടിയല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. രാഷ്ട്രീയ-മത സംഘടനകളിൽപെട്ട എല്ലാവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഉമർ ഫൈസിക്ക് എതിരെ പറയേണ്ട കാര്യങ്ങൾ സമസ്തക്ക് അകത്ത് പറയുമെന്നും അത് പുറത്ത് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.

മ​ല​പ്പു​റം ടൗ​ൺ ഹാ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നത്തിൽ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി, ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഡോ. ​ബ​ഹാ​ഉ​ദ്ധീ​ൻ മു​ഹ​മ്മ​ദ് ന​ദ്‌​വി, അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി, കെ.​പി. നൗ​ഷാ​ദ​ലി എം.​എ​ൽ.​എ, എം.​പി. മു​സ്ത​ഫ​ൽ ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ഇതുസംബന്ധിച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യു. ​മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി, കെ.​എ. റ​ഹ്മാ​ൻ ഫൈ​സി, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി, മ​ല​യ​മ്മ അ​ബൂ​ബ​ക്ക​ർ ഫൈ​സി, ഹം​സ ഹാ​ജി മൂ​ന്നി​യൂ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.