അധ്യാപകരുടെ അന്തർ ജില്ല സ്ഥലംമാറ്റം; ഒഴിവുകളുടെ അനുപാതത്തിൽ മാറ്റം വരുത്താത്തത് തിരിച്ചടി
കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള അധ്യാപകരുടെ അന്തർ ജില്ല സ്ഥലംമാറ്റത്തിനുള്ള ഒഴിവുകളുടെ അനുപാതത്തിൽ മാറ്റംവരുത്താത്തത് പി.എസ്.സി നിയമനം കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാകും. 2024 നവംബർ അവസാന വാരത്തിലാണ് ഒഴിവുകളുടെ അനുപാതം പുതുക്കി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്. ഇതു പ്രകാരം എൽ.പി/യു.പി സ്കൂൾ അധ്യാപകർക്ക് നിലവിലുണ്ടായിരുന്ന അനുപാതം 10 ശതമാനത്തിൽ നിന്ന് 20 ആയും ഹൈസ്കൂൾ അധ്യാപകരുടെ ഒഴിവുകളുടെ അനുപാതം 15 ശതമാനമായും വർധിച്ചു. ഇത് പി.എസ്.സി നേരിട്ടുള്ള നിയമനത്തിനായി നീക്കിവെക്കുന്ന ഒഴിവുകളുടെ എണ്ണം കുറക്കും.
നിലവിൽ യു.പി സ്കൂൾ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഒന്നാംറാങ്ക് ലഭിച്ച ഉദ്യോഗാർഥിക്ക് പോലും നിയമന ശിപാർശ ലഭിച്ചിട്ടില്ല. സാധാരണയായി വിവിധ സർക്കാർ വകുപ്പുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർഥികളെ നിയമിക്കുന്നത് പി.എസ്.സി വഴിയുള്ള നേരിട്ടുള്ള നിയമനം വഴിയാണ്.
എന്നാൽ, ഇതിനൊപ്പം തന്നെ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്വന്തം ജില്ലയിലേക്ക് മാറുന്നതിനായി നിശ്ചിത ശതമാനം ഒഴിവുകൾ മാറ്റി വെക്കാറുണ്ട്. ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ ഒഴിവുകളിൽ ചെറിയ ശതമാനം മാത്രമാണ് സാധാരണ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനായി മാറ്റിവെക്കാറുള്ളത്. ഈ അനുപാതം വർധിപ്പിച്ചതോടെ നേരിട്ടുള്ള നിയമനത്തിനായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ എണ്ണം ഗണ്യമായി കുറയും. ലഭ്യമായ ഒഴിവുകൾ സ്ഥലംമാറ്റം വഴി വരുന്ന ജീവനക്കാരെക്കൊണ്ട് നികത്തുന്നതിനാൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളുടെ വേഗത കുറയും.
അധ്യാപക തസ്തികകളുടെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു വർഷമാണ്. പുതിയ അനുപാതം കാരണം നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ നിയമന ശിപാർശ ലഭിക്കുകയുള്ളൂ എന്നതിനാൽ ലിസ്റ്റിന്റെ കാലാവധി തീരുന്നതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പുറത്താകുന്ന സ്ഥിതിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.