കൊച്ചി: കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലുള്ള അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ഇവ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് കരുതലും ഗൗരവമേറിയ പഠനവും അനിവാര്യമെന്ന് വിദഗ്ധർ. കടൽവെള്ളത്തിൽ കലർന്ന അപകടകരമായ രാസപദാർഥങ്ങളും കീടനാശിനികളും മത്സ്യത്തെയും മനുഷ്യരെയും ഉടനെ ബാധിക്കില്ലെങ്കിലും ഭാവിയിൽ അതുണ്ടായേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഇത് സംബന്ധിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ സമഗ്രപഠനം അനിവാര്യമാണെന്നാണ് അഭിപ്രായം.
ചില രാസപദാർഥങ്ങൾ തീപിടിത്തത്തിൽ കത്തിത്തീരും. എന്നാൽ, സ്ഫോടനം വഴി അവയിൽ ചിലത് വെള്ളത്തിൽ കലർന്നാൽ പ്രത്യാഘാതം വ്യത്യസ്തമായിരിക്കും. ഏതൊക്കെ പദാർഥങ്ങൾ, എത്ര അളവിൽ വെള്ളത്തിൽ കലർന്നു എന്നതിനെ ആശ്രയിച്ചാണ് ആഘാതം വിലയിരുത്തേണ്ടതെന്ന് കേന്ദ്ര സമുദ്ര, മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. എഥനോൾ പോലുള്ളവ കൂടിയ അളവിൽ കലർന്നിട്ടുണ്ടെങ്കിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചാകേണ്ടതാണ്. അതുണ്ടായിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ സി.എം.എഫ്.ആർ.ഐ കോഴിക്കോട് മേഖല കേന്ദ്രം തീരമേഖലകൾ കേന്ദ്രീകരിച്ച് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.
ഇന്ധനത്തിന് തീപിടിച്ചാൽ കത്തിയമർന്നുണ്ടാകുന്ന എണ്ണച്ചോർച്ചയുടെ അവശിഷ്ടങ്ങളായ ടാർബോളുകൾ കടലിന്റെ അടിത്തട്ടിൽ ചെന്നെത്തുമെന്നും കീടനാശിനികളടക്കമുള്ളവ മത്സ്യസമ്പത്തിനെയും കടലിന്റെ ആവാസ വ്യവസ്ഥയെയും എത്രത്തോളം ബാധിക്കുമെന്നത് ആശങ്കയോടെ കാണേണ്ടതാണെന്നും കേരള മത്സ്യ, സമുദ പഠന സർവകലാശാലയിലെ (കുഫോസ്) അക്വാട്ടിക് എൻവയൺമെന്റ് മാനേജ്മെന്റ് വകുപ്പ് മേധാവി ഡോ. അനു ഗോപിനാഥ് പറയുന്നു. മത്സ്യങ്ങളെ നൈട്രോ സെല്ലുലോസ് നേരിട്ട് വിഷമയമാക്കില്ലെങ്കിലും വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഇവ ടൺകണക്കിന് വീണിട്ടുണ്ടെങ്കിൽ കടലിന്റെ ആവാസ വ്യവസ്ഥയെ മൊത്തത്തിൽ ബാധിച്ചേക്കാം.
ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാർഥങ്ങൾ ഏറെ നാൾകൊണ്ടേ മത്സ്യങ്ങളിലും മനുഷ്യരിലുമെത്തൂ. ഈ സാഹചര്യത്തിൽ മലബാർ മേഖല മുതൽ തിരുവനന്തപുരം വരെ തീരദേശം കേന്ദ്രീകരിച്ച് ശാസ്ത്രീയ പഠനം വേണമെന്നും ഡോ. അനു ഗോപിനാഥ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.