വി.ടി. ബൽറാം, കെ.ആർ. മീര
കോൺഗ്രസിനെതിരെ സാഹിത്യകാരി കെ.ആർ. മീര നടത്തിയ വിമർശനത്തിന് മറുപടിയുമായി വി.ടി. ബൽറാം. സംഘികളോ അവർക്ക് കുഴലൂതുന്ന പിണറായിസ്റ്റ് എഴുത്തുജീവികളോ എത്ര അധിക്ഷേപിച്ചാലും മഹാത്മാഗാന്ധി പ്രസിഡന്‍റായിരുന്ന പ്രസ്ഥാനം ഇവിടെത്തന്നെയുണ്ടാവുമെന്നാണ് കെ.ആർ. മീരക്ക് ബൽറാം മറുപടി നൽകിയത്. ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും തുടച്ചുനീക്കാൻ നൂറ് കൊല്ലമായി ശ്രമിക്കുന്ന സംഘടനയുടെ പേര് ആർ.എസ്.എസ് എന്നാണെന്നും ബൽറാം സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
യു.പിയിലെ മീററ്റിൽ ഹിന്ദുമഹാസഭ ഗാന്ധിഘാതകനായ ഗോഡ്സെയെ ആദരിച്ചതിന്‍റെ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ആർ. മീര കോൺഗ്രസിനെതിരെ വിമർശനം നടത്തിയത്. 'തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ' എന്നായിരുന്നു മീരയുടെ പോസ്റ്റ്.
ഇതിന് മറുപടിയായാണ് വി.ടി. ബൽറാമിന്‍റെ പോസ്റ്റ്. 'അക്ഷരം തെറ്റാതെയും വാക്കുകൾ വിഴുങ്ങാതെയും കൃത്യമായിത്തന്നെ പറയട്ടെ, ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും തുടച്ചുനീക്കാൻ പത്തെഴുപത്തിയഞ്ചല്ല, കൃത്യം നൂറ് കൊല്ലമായി ശ്രമിക്കുന്ന സംഘടനയുടെ പേര് ആർ.എസ്.എസ് എന്നാണ്. രാഷ്ട്രീയ സ്വയംസേവക സംഘം എന്നാണ്. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേ ഇതേ ആർ.എസ്.എസിലൂടെ വളർന്ന് ഹിന്ദുമഹാസഭയിലെത്തിയ ഹിന്ദുത്വവാദിയാണ്. വീണ്ടും അക്ഷരപ്പിശക് ഉണ്ടാവരുത്: ഹിന്ദുസഭയല്ല, ഹിന്ദു മഹാസഭ എന്നാണ് ആ സംഘടനയുടെ പേര്. നിർമ്മൽ ചന്ദ്ര ചാറ്റർജി എന്നയാളൊക്കെയായിരുന്നു അന്ന് ആ സംഘടനയുടെ അഖിലേന്ത്യാ നേതൃത്വത്തിലുണ്ടായിരുന്നത്. ഗാന്ധി വധത്തിന് ശേഷവും ഹിന്ദു മഹാസഭയുടെ പേരിൽ 1952ൽ പാർലമെന്റംഗമായ ഇദ്ദേഹത്തിന് ശേഷം 1971ൽ ആ സീറ്റിൽ മകൻ സോമനാഥ് ചാറ്റർജി ലോക്‌സഭയിലേക്ക് ജയിച്ചു.
സംഘികളോ അവർക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മലയാളത്തിലെ പിണറായിസ്റ്റ് എഴുത്തുജീവികളോ എന്തുതന്നെ അധിക്ഷേപിച്ചാലും എത്രതന്നെ ആക്രമിച്ചാലും മഹാത്മാഗാന്ധി പ്രസിഡന്‍റായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം ഇവിടെത്തന്നെയുണ്ടാവും, ഇന്ത്യയിലെ 142 കോടി മനുഷ്യർക്കൊപ്പം' -ബൽറാം പോസ്റ്റിൽ പറഞ്ഞു.
മീരയുടെ പോസ്റ്റിന് താഴെയും വ്യാപക വിമർശനമാണുയർന്നത്. 'ഫിക്ഷൻ എഴുതാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്. ഈ പോസ്റ്റിലും അത് കാണാൻ കഴിയുന്നു' എന്നാണ് ടി. സിദ്ദീഖ് എം.എൽ.എ കമന്‍റ് ചെയ്തത്. വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് ആയിപ്പോയി ഇതെന്ന് എഴുത്തുകാരി സുധ മേനോൻ കമന്‍റ് ചെയ്തു. '75 വർഷമായി ഗാന്ധിജിയുടെ ആത്മാവിനെ തുടച്ചുനീക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ നെഹ്‌റുവടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതിൽ ഉൾപ്പെടുമല്ലോ? എന്താണ് ഗാന്ധിജിയെ തുടച്ചു നീക്കാൻ കോൺഗ്രസ് ചെയ്തത് എന്ന് വസ്തുതകളുടെ പിൻബലത്തോടെ പറയു. സംഘപരിവാർ ആഗ്രഹിക്കുന്ന കോൺഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നൽകുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ്. ഞാൻ അടക്കമുള്ള ഗാന്ധിയൻ കോൺഗ്രസുകാർക്ക് അങ്ങേയറ്റം അപമാനകരമായ പോസ്റ്റിനോട് പ്രതിഷേധം അറിയിക്കുന്നു ചേച്ചീ' -സുധ മേനോൻ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.