സജി ചെറിയാനെ വിമർശിച്ച് വി.ടി ബൽറാം; ‘കേരളത്തിലെ സൗഹാർദ അന്തരീക്ഷം കലക്കാനാണ് സി.പി.എം നേതാക്കൾ ശ്രമിക്കുന്നത്’

കോഴിക്കോട്: ബാങ്കുവിളി പരാമർശത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. കേരളത്തിലെ സൗഹാർദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിരിക്കുന്ന സി.പി.എം നേതാക്കൾ ആവർത്തിച്ച് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറയുകയാണ്. തെരഞ്ഞെടുപ്പ് വർഷത്തിൽ ബി.ജെ.പിക്ക് വേണ്ടി വിടുപണി ചെയ്യാൻ സി.പി.എമ്മിനെ കഴിയൂവെന്നും ബൽറാം ചൂണ്ടിക്കാട്ടി.

വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക്

സാംസ്ക്കാരിക (വകുപ്പ്) മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദ പ്രതിവാദങ്ങൾ. സമൂഹത്തിൽ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പുവരുത്തിയാൽ അദ്ദേഹം തന്നെ പിന്നീട് അത് പിൻവലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്.

ഒന്നിനു പുറകേ ഒന്നായി ഇങ്ങനെ സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറഞ്ഞ് കേരളത്തിലെ സൗഹാർദ്ദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിരിക്കുന്ന സി.പി.എം നേതാക്കൾ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയല്ലേ ഒരു ഇലക്ഷൻ വർഷത്തിൽ ബി.ജെ.പിക്ക് വേണ്ടി വിടുപണി ചെയ്യാൻ അവർക്ക് കഴിയുകയുള്ളൂ.

സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പറഞ്ഞത്. താൻ പോയ ഒരിടത്തും അവിടെ ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നുമാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കിയത്.

‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, പുറത്ത് കേട്ടാൽ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടുപോയി. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് അവിടെ നിയമം’ -സജി ചെറിയാൻ പറഞ്ഞു.

‘അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസമുണ്ടോ‍? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്...! ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’ -സജി ചെറിയാൻ വിശദീകരിച്ചു.

Tags:    
News Summary - VT Balram criticizes Minister Saji Cherian in Controversy Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.