വി.എസ് സുനിൽ കുമാർ

‘സുരേഷ്‌ ഗോപിയുടെ കുടുംബത്തിന്‍റെ വോട്ട് ചേർത്തത് ചട്ടപ്രകാരമല്ല; പല ‘മുന്ന’മാരെയും തിരിച്ചറിയുന്നത് അനുഭവത്തിലൂടെ’

തൃശ്ശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്​ നടന്നുവെന്ന ആരോപണം തള്ളിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ്​ സ്ഥാനാർഥിയായിരുന്ന വി.എസ്​. സുനിൽകുമാർ. തൃശൂർ ലോക്സഭ മണ്ഡലത്തിലും അട്ടിമറി നടന്നുവെന്ന ആരോപണം സുനിൽ കുമാർ ആവർത്തിച്ചു. വോട്ട് ചേർത്തതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും എൽ.ഡി.എഫ്​ സ്ഥാനാർഥി ആവശ്യപ്പെട്ടു.

തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ്‌ ഗോപിയുടെ കുടുംബത്തിന്റെ വോട്ട് ചേർത്തത് ചട്ടപ്രകാരമല്ല. സ്ഥിരതാമസക്കാരനാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തത്. സുരേഷ്‌ ഗോപിയോ ഭാര്യയോ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ല. അയൽ ജില്ലകളിലെ ബി.ജെ.പി വോട്ടർമാരെ തിരിച്ചറിയൽ കാർഡ് തിരുത്തി ചേർത്തിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.

അന്നത്തെ ജില്ല കലക്ടറുടെ പ്രവർത്തനത്തിൽ സംശയമുണ്ട്. കലക്ടർ അത്ര മാന്യനായിരുന്നുവെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സഖ്യ സർക്കാറിന്‍റെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം പോയി. ഏതാണ് മുന്ന എന്ന് മനസിലാക്കാൻ നമുക്ക് സാധിക്കില്ല. മുന്നമാരുടെ സ്വഭാവം അതാണ്. പല മുന്നമാരെയും തിരിച്ചറിയുന്നത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്നായിരുന്നു സുനിൽകുമാറിന്‍റെ ആരോപണം. പൂങ്കുന്നത്തെ 30ാം ബൂത്തിൽ മാത്രം ഒറ്റത്തവണ 281 വോട്ടർമാരെ ചേർത്തു​. ഒഴിഞ്ഞുകിടന്ന ഫ്ലാറ്റുകളിലും മറ്റും നിരവധി വോട്ടുകൾ​ ബി.ജെ.പി ചേർത്തതെന്ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സുനിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വി.എസ്​. സുനിൽകുമാറിന്‍റെ ആരോപണത്തിന്​ മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ഘട്ടത്തിലോ അന്തിമ പട്ടിക തയാറാക്കിയപ്പോഴോ സ്ഥാനാർഥിയോ തെരഞ്ഞെുപ്പ് ഏജന്റോ ചൂണ്ടിക്കാട്ടാത്ത ആരോപണമാണ്​ സുനിൽകുമാറിന്റേതെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ വാർത്താകുറിപ്പിൽ അറിയിച്ചു.

മണ്ഡലത്തിലേക്ക് നിശ്ചയിച്ച ജനറൽ ഒബ്സർവർ, പൊലീസ് ഒബ്സർവർ, എക്സ്പെൻഡീച്ചർ ഒബ്സർവർ എന്നിവരുടെ ഫോൺ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കിയിരുന്നു. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത്സരാർഥികളുടെ ഏജന്റുമാരുടെയും യോഗം ഒബ്സർമാരുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഈ വേളയിലൊന്നും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയയിൽ ആക്ഷേപമുണ്ടെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഹൈകോടതിയിൽ ഹരജി നൽകണമായിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസർ വ്യക്തമാക്കി. 

Tags:    
News Summary - VS Sunil Kumar sharply criticizes the Chief Electoral Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.