നാട്ടുരാജ്യങ്ങളിൽ ജനങ്ങൾക്കു കൂടി പങ്കാളിത്തമുള്ള ഉത്തരവാദ ഭരണം വേണമെന്ന മുറവിളി, നാൽപതുകളിൽ രാജ്യമെങ്ങും ഉയർന്നതിനൊപ്പം തിരുവിതാംകൂറിലും അലയടിച്ചു. ജന്മിമാരുടെ അനീതിക്കെതിരെ ശബ്ദമുയർത്താൻ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇതേസമയം കുട്ടനാട്ടിൽ സജീവമായി. വി.എസ് അടക്കമുള്ള പ്രവർത്തകർ ഇതിെൻറ ചുമതലയിലായിരുന്നു. തിരുവിതാംകൂറിനു കീഴിലുള്ള ആലപ്പുഴയിലും ചേർത്തലയിലും ഫാക്ടറി തൊഴിലാളികളും കുട്ടനാട്ടിൽ കർഷക തൊഴിലാളികളും സജീവമായത്, ചരിത്രത്തിൽ ഇടംേനടാൻ പോകുന്ന വലിയൊരു പ്രക്ഷോഭത്തിെൻറ മണ്ണൊരുക്കമായിരുന്നുവെന്ന് പിൽക്കാലം തെളിയിച്ചു.
കൂലിക്കുവേണ്ടിയും ചൂഷണത്തിനെതിരായും ഇവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾ ഉത്തരവാദഭരണ പ്രക്ഷോഭമായി രൂപം മാറി. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് ഭരണം നൽകുന്നു എന്ന വ്യാജേന അധികാരത്തിൽ തുടരാനായിരുന്നു തിരുവിതാംകൂർ ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ തന്ത്രം. സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കാൻ സർ സി.പി ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചു. തൊഴിലാളികൾക്ക് പ്രത്യേക നിയോജക മണ്ഡലം, കൂലി, ബോണസ് എന്നിവ നൽകാം ഉത്തരവാദ ഭരണം സാധ്യമല്ല എന്നതായിരുന്നു അദ്ദേഹത്തിെൻറ നിലപാട്.
അധികാരം തെൻറ പക്കൽ തന്നെ കേന്ദ്രീകരിക്കുന്ന ‘അമേരിക്കൻമോഡൽ’ ആയിരുന്നു സി.പിയുടെ മനസ്സിൽ. എന്നാൽ, സ്വാതന്ത്ര്യം എന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പുമില്ല എന്ന് ചർച്ചയിൽ പെങ്കടുത്ത ടി.വി തോമസ് അടക്കമുള്ള നേതാക്കൾ തീർത്തുപറഞ്ഞു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി പ്രക്ഷോഭരംഗത്തിറങ്ങി. ഇത് അടിച്ചമർത്താൻ സി.പി പ്രത്യേക പൊലീസ് സംഘത്തെ ഇറക്കി. പട്ടാള, പൊലീസ് ക്യാമ്പുകളാൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ നിറഞ്ഞു. പ്രക്ഷോഭകാരികളെയും നേതാക്കളെയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും സി.പിയുടെ േസന മേഖലയിൽ അഴിഞ്ഞാട്ടം തുടങ്ങി.
ജനങ്ങളെ ഭീഷണിപ്പെടുത്തി, ‘കമ്യൂണിസം, ട്രേഡ് യൂണിയൻ മുർദാബാദ്’ എന്നു വിളിപ്പിച്ചു. സി.കേശവൻ, പി.ടി പുന്നൂസ് എന്നിവരെ അറസ്റ്റ് ചെയ്തു. വി.എസ് അടക്കമുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അമേരിക്കൻ മോഡലിനെതിരെ ആലപ്പുഴ ആലിശ്ശേരി മൈതാനത്ത് പ്രതിഷേധ യോഗം നടത്തിയ സുഗതനെയും മറ്റും അറസ്റ്റ് ചെയ്തു. ഇതേ യോഗത്തിൽ പ്രസംഗകനായിരുന്ന വി.എസ് അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ട് പുന്നപ്രയിലെത്തി. നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ അവിടെ പ്രതിഷേധയോഗം സംഘടിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും ‘പിടികൊടുക്കരുെത’ന്ന പാർട്ടി നിർദേശത്തെ തുടർന്ന് കോട്ടയത്തേക്ക് മാറി. അവിടെ നിന്ന് ജില്ലാ സെക്രട്ടറി സി.എസ് ഗോപാല പിള്ളക്കൊപ്പം പൂഞ്ഞാറിലേക്കാണ് പോയത്. രണ്ടാഴ്ചക്കുള്ളിൽ തന്നെ വീണ്ടും പാർട്ടി കത്തു വന്നു, തിരിച്ചുചെല്ലാൻ.
അപ്പോഴേക്കും ആലപ്പുഴയിൽ പൊലീസ് നരനായാട്ട് തുടങ്ങിയിരുന്നു. പുന്നപ്ര, കളർകോട് ഭാഗങ്ങളിൽ അതിക്രമം അതിരൂക്ഷം. ഇതു നേരിടാൻ പാർട്ടി തീരുമാനിച്ചു. യുദ്ധം കഴിഞ്ഞ് പിരിഞ്ഞുവന്ന പട്ടാളക്കാരുടെ നേതൃത്വത്തിൽ വോളണ്ടിയർ ക്യാമ്പുകൾ ആരംഭിച്ചു. പൊലീസ് വെടിവെച്ചാൽ ഒഴിയാനും, കമുക് നാലായി കീറിയ വാരിക്കുന്തം കൊണ്ട് തിരിച്ചടിക്കാനുമായിരുന്നു പരിശീലനം. പരിശീലനം മാത്രം പോരെന്നും ആത്മധൈര്യം നൽകാൻ രാഷ്ട്രീയ ബോധം പകർന്നു നൽകണമെന്നുമുള്ള നിർദേശത്തെ തുടർന്ന് ആ ചുമതല വി.എസ് അടക്കം ഏതാനും പേർക്കു നൽകി.
ഇതനുസരിച്ച് പുന്നപ്രയിൽ എത്തിയ വി.എസിന് നാനൂറോളം പേരുള്ള മൂന്നു ക്യാമ്പുകളുടെ ചുമതല നൽകി. ക്യാമ്പും പരിശീലനവും തുടരവെ 1946 ഒക്ടോബർ 25ന് തിരുവിതാംകൂർ രാജാവിെൻറ തിരുനാളിനോട് അനുബന്ധിച്ച് മേഖലയിൽ കൂടുതൽ പൊലീസ് ക്യാമ്പുകൾ തുറന്നു. ജനങ്ങളുടെ സ്വൈരം കെടുത്തുന്ന പൊലീസ് ക്യാമ്പുകൾ അവസാനിപ്പിക്കാനാവശ്യപ്പെട്ട് അവിടങ്ങളിലേക്ക് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചു. ‘അമേരിക്കൻ മോഡൽ അറബക്കടലിൽ’ എന്നതായിരുന്നു മുദ്രാവാക്യം. പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ലക്ഷ്യം വെച്ച് നീങ്ങിയ ഒരു മാർച്ചിൽ ഒരു ഭാഗം വരെ വി.എസ് ഉണ്ടായിരുന്നു.
‘‘ഇനിയങ്ങോട്ട് വി.എസ് വേണ്ട, വാറണ്ട് നിലവിലുള്ള സ്ഥിതിക്ക് അറസ്റ്റ് ചെയ്യും’’ എന്ന നിർദേശം വന്നതിനെ തുടർന്ന് വി.എസ് പ്രദേശത്തുതന്നെ ഒരു തൊഴിലാളിയുടെ വീട്ടിലേക്ക് മാറി. ഇതിനിടെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങിയ പ്രക്ഷോഭകരോട് പിരിഞ്ഞുപോകാൻ നിർദേശിച്ച പൊലീസ് മേധാവി, വെടിവെക്കാനും ഉത്തരവിട്ടു. വോളണ്ടിയർമാർ വാരിക്കുന്തവുമായി നിലത്തുകിടന്നു. ശേഷം പൊലീസ് ക്യാമ്പിലലേക്ക് ഇഴഞ്ഞു നീങ്ങി. എസ്.ഐയുടെ തല വെട്ടി. എട്ടോളം പൊലീസുകാരെ കൊന്നു. വെടിവെപ്പിൽ അമ്പതോളം തൊഴിലാളികളെങ്കിലും കൊല്ലപ്പെട്ടു. ചിലർ പൊലീസിെൻറ തോക്കു പിടിച്ചെടുത്തു. ആ തോക്കുമായി സഖാക്കൾ വി.എസ് തങ്ങിയ ഇടത്തു വന്നു. അവ ഉപേക്ഷിക്കാൻ നിർദേശിച്ച് അദ്ദേഹം വീണ്ടും പൂഞ്ഞാറിലേക്ക് മാറി.
പൂഞ്ഞാറിൽ വി.എസിനുവേണ്ടി പൊലീസ് വല വിരിച്ചിരിക്കുകയായിരുന്നു. ഒക്ടോബർ 28ന് പൂഞ്ഞാറിൽ വെച്ച് അറസ്റ്റ് ചെയ്ത വി.എസിനെ പാലാ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനാരംഭിച്ചു. ആലപ്പുഴയിൽ നിന്നടക്കമുള്ള സി.ഐ.ഡിമാർ പാലാ സ്റ്റേഷനിൽ എത്തിയിരുന്നു. ‘‘സുഗതൻ അടക്കമുള്ളവർ ജയിലിൽ സുഖമായി കഴിയുന്നു. നിങ്ങൾ പൊലീസ് ക്യാമ്പിനെതിരെ ആക്രമണം നടത്തിച്ചു. എസ്.ഐയെ കൊന്നു. ഇതിെൻറ ആവശ്യമുണ്ടായിരുന്നോ’’ എന്നാണ് ആലപ്പുഴയിൽനിന്ന് എത്തി്യ സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥൻ ചോദിച്ചത്. ഇടിയൻ നാരയണപിള്ള എത്തി ചോദ്യം ചെയ്യലും മർദനവും ആരംഭിച്ചു. ‘‘കെ.വി പത്രോസും കെ.സി ജോർജും ഇ.എം.എസും എവിടെ’’ എന്നു ചോദിച്ചായിരുന്നു മർദനം.
എത്ര തല്ലിയിട്ടും മറുപടി ഇല്ലാതായതോടെ പീഡന മുറ മാറ്റി. ഒരിക്കലും മറക്കാത്ത ആ മർദനമുറയെക്കുറിച്ച് വി.എസ് തന്നെ പറഞ്ഞ വാക്കുകളിലേക്ക്: ‘‘എെൻറ രണ്ടു കാലുകളും ലോക്കപ്പിെൻറ അഴികളിലൂടെ അവർ പുറത്തെടുത്തു. തുടർന്ന് ലോക്കപ്പ് അഴികൾക്കു വിലങ്ങനെ രണ്ടുകാലിലുമായി ലാത്തിവെച്ചുകെട്ടി. പിന്നെ കാലിനടിയിൽ അടി തുടങ്ങി. എത്ര വേദനിച്ചാലും കാലുകൾ അകത്തേക്ക് വലിക്കാനാവില്ലല്ലോ. മർദനങ്ങൾക്കുശേഷം ലോക്കപ്പ് പൂട്ടി. കുറച്ചു പൊലീസുകാർ ലോക്കപ്പിനു പുറത്തും ഞാൻ അകത്തും പുറത്തുമല്ല എന്ന അവസ്ഥയിലും.
നേതാക്കൾ എവിടെയെന്ന ചോദ്യം വീണ്ടും ആവർത്തിച്ചു. അറിയില്ലെന്ന് ഞാനും. അതോടെ ലോക്കപ്പിനുള്ളിലെ പൊലീസുകാർ തോക്കിെൻറ പാത്തി കൊണ്ട് ഇടിച്ചു. ആ സമയം പുറത്തുള്ളവർ കാൽപാദങ്ങളിൽ ചൂരൽ കൊണ്ട് അടിച്ചു. ഇതിനിടെ ഒരു പൊലീസുകാരൻ ബയണറ്റ് തോക്കിൽ ബയണറ്റ് പിടിപ്പിച്ച് എെൻറ ഉള്ളംകാലിൽ കുത്തി. കാൽപാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു. എെൻറ ബോധം പോയി. പിന്നീട് കണ്ണു തുറക്കുേമ്പാൾ പാലാ ആശുപത്രിയിലാണ്’’ ^സമരംതന്നെ ജീവിതം എന്ന ആത്മകഥയിൽ വി.എസ് പറയുന്നു.
മരിച്ചെന്നു കരുതി കാട്ടിൽ കളയാൻ, അന്ന് ലോക്കപ്പിലുണ്ടായിരുന്ന ചില പ്രതികളെ കൂട്ടി പൊലീസ് വി.എസിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. കൂടെപ്പോയ സംഘത്തിലെ കള്ളൻ കോരപ്പനാണ് വി.എസ് അനങ്ങുന്നത് കണ്ട്, ജീവനുള്ളതിനാൽ കാട്ടിൽ കളയാൻ ഞങ്ങൾ തയാറല്ല എന്ന് പൊലീസുകാരോട് പറഞ്ഞത്. അങ്ങനെയാണ് വി.എസ് ആശുപത്രിയിൽ എത്തിയത്. അവിടെ ദേശീയബോധമുള്ള ചില ഡോക്ടർമാർ ഉണ്ടായിരുന്നതിനാൽ പൊലീസുകാർക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കൊണ്ടുവന്ന പൊലീസുകാരോട് പുറത്തുപോകാനും ഡ്യൂട്ടിയിലുള്ളവർ മാത്രം സംരക്ഷണത്തിനു നിൽക്കട്ടെ എന്നും ഡോക്ടർമാർ പറഞ്ഞു. അവരുടെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ, ബയണറ്റു കുത്തിക്കയറ്റിയ കാൽ ശരിക്കും നിലത്തു കുത്താൻ ഒൻപതു മാസം കഴിഞ്ഞാണ് കഴിഞ്ഞതെന്ന് വി.എസ് പറഞ്ഞിരുന്നു. ഒടുവിൽ, ഒരിക്കലും മായാത്ത ആ മുറിപ്പാടുകളോടു കൂടിയാണ് പുന്നപ്ര വയലാർ വിപ്ലവപോരാട്ട നായകൻ വിട വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.