കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ടനിര

വോട്ടെടുപ്പ് പുരോഗമിക്കുന്നു; 32.02 ശതമാനം കടന്ന് പോളിങ്

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു. രാവിലെ 11.05 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 32.02 ശതമാനമാണ് പോളിങ്. പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. തൃശൂർ–31.2%, മലപ്പുറം- 33.04%, വയനാട്- 31.35%, കാസർകോട്–30.89%, പാലക്കാട്–32.17%, കോഴിക്കോട്–31.5%, കണ്ണൂർ–30.01% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ വോട്ടിങ് മെഷീൻ തകരാറിലായതോടെ ചില ബൂത്തുകളിൽ പോളിങി​നെ തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കുന്നത് കാണാമായിരുന്നു.

ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം രാവിലെ മുതൽ 100ലധികം ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം പോളിങ് തടസ്സപ്പെട്ടത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ വോട്ടിങ് യന്ത്രം തകരാറിലായി രാവി​ലെ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിലും ​മെഷീൻ പണിമുടക്കിയതോടെ അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

മലപ്പുറം എ.ആര്‍. നഗർ പഞ്ചായത്ത് അഞ്ചാം വാർഡിലെ രണ്ടാം ബൂത്തിലും പോളിങ് മെഷിൻ തകരാർ കാരണം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങാനായത്. കൊടിയത്തൂർ പഞ്ചായത്തിലും വോട്ടിങ് മെഷീൻ തകരാറിലായി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ബൂത്ത് രണ്ടിൽ വോട്ടിങ് മെഷീൻ തകരാറിലായി. വോട്ടിങ് ആരംഭിച്ച് അൽപസമയത്തിനകം മെഷീൻ തകരാറിലാവുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത്‌ 23 വാർഡ് ബൂത്ത്‌ ഒന്നിൽ വോട്ടിങ് മെഷീൻ തകരാറിലായതോടെ മോക്ക് പോളിങ് അടക്കം വൈകി. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് രണ്ടിലും മെഷീൻ തകരാറിലായി. കാസർകോട് ദേലംപാടി പഞ്ചായത്തിലെ വാർഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നിൽ മെഷീൻ പ്രവർത്തിക്കാത്തതാണ് കാരണം വോട്ടിങ് വൈകിയാണ് ആരംഭിച്ചത്.

പൊതുവേ സമാധാനപരമായാണ് തെര​ഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ മൊറാഴ സൗത്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വിൽപനക്കാരനായ സുധീഷ് കുമാർ (48) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സെക്കൻഡ് പോളിങ് ഓഫിസര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഗുരുവായൂര്‍ എ.യു.പി സ്‌കൂളില്‍ 10 മിനിറ്റ് പോളിങ് തടസപ്പെട്ടു. ബ്രഹ്‌മകുളം സ്വദേശി സ്രാമ്പിക്കല്‍ സുരേഷാണ് കുഴഞ്ഞു വീണത്. പ്രഥമശുശ്രൂഷക്ക് ശേഷം പോളിങ് ഓഫിസര്‍ ആരോഗ്യം വീണ്ടെടുത്ത് പോളിങ് തുടര്‍ന്നു.

തൃശൂർ വലക്കാവ് എൽ.പി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. എട്ട് പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം ഉയർന്നു. കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോളിങ് ഏജന്റുമാരെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി ഉയർന്നു. പാലക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് ആറാം വാർഡിൽ മദ്യപിച്ചെത്തിയ പോളിങ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു. 

Tags:    
News Summary - Voting in progress; polling crosses 32.02 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.