അഴിമതിക്കേസിൽ അഞ്ചാംപ്രതി; എട്ട് മാസത്തിന് ശേഷം അറസ്റ്റ്

കോഴിക്കോട്: സമീപകാലത്ത് കേരളം കണ്ട വലിയ അഴിമതിക്കേസുകളിലൊന്നായ പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ എട്ട് മാസം മുമ്പാണ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തത്. കേസിൽ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെയുള്ളവരുടെ മൊഴി ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുന്നതിൽ നിർണായകമായിരുന്നു.

ടി.ഒ. സൂരജിനെ കൂടാതെ കരാർ കമ്പനി ആർ.ഡി.എസ്‌ പ്രോജക്ട്‌സ് എം.ഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്‍റ് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരും പ്രതികളാണ്‌. സൂരജ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇബ്രാഹിം കുഞ്ഞിന്‍റെ അറിവോടെയാണ് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതെന്ന് ടി.ഒ. സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു. കരാര്‍ എടുത്ത ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ കൂടി അറിവോടെയാണെന്നായിരുന്നു ടി.ഒ. സൂരജിന്‍റെ മൊഴി. കമ്പനിക്ക് മുന്‍കൂറായി എട്ട് കോടി രൂപ നല്‍കിയെന്നായിരുന്നു കേസ്. എന്നാൽ, സൂരജിന്‍റെ മൊഴി വസ്തുതാ വിരുദ്ധമാണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് വിജിലൻസിനോട് പറഞ്ഞത്.

കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനിക്ക് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ തുക അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം.

2014 സെപ്റ്റംബറിൽ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമാണം തുടങ്ങുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 ഒക്ടോബർ 12നായിരുന്നു പാലം ഉദ്ഘാടനം. നിർമിച്ച് രണ്ട് വർഷത്തിനകം തന്നെ പാലത്തിൽ വിള്ളലുകൾ കണ്ടിരുന്നു. മേൽപ്പാലം നിർമാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് പാലം പൊളിച്ച് പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.