തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളത്. തുറമുഖം പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്ന വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുത്.
കൺസഷനയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കുത്തകകൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന നിലപാട് അസന്നിഗ്ധമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുസ്സൂചന നിറഞ്ഞ ദുരാരോപണമാണ്. 2025-ൽ തലസ്ഥാനത്ത് സംഘടിപ്പിച്ച കോൺക്ലേവ് തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയും വ്യാവസായിക വളർച്ചയും ചർച്ച ചെയ്യാനുള്ള വേദിയായിരുന്നു.
അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ചർച്ചയും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തുറമുഖ വകുപ്പിലെ ഫയലുകൾ പരിശോധിച്ചാൽ വ്യക്തമാകും. വസ്തുതകൾ ഇതായിരിക്കെ, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറിലെ 5.9 ക്ലോസ് പ്രകാരം വിഴിഞ്ഞത്തിന് 250 കിലോമീറ്ററിനുള്ളിൽ മറ്റൊരു തുറമുഖത്ത് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് വിഴിഞ്ഞത്ത് ഓഹരി കൈമാറാൻ നിയമപരമായ തടസ്സങ്ങളുണ്ട്. തൂത്തുക്കുടി തുറമുഖത്ത് പൂർണ്ണ അവകാശമുള്ള എം.എസ്.സി കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം വ്യക്തമായ കരാർ ലംഘനമാണ്. എന്നിട്ടും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ മടിക്കുന്നതും മുൻ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും ദൗർഭാഗ്യകരമാണ്. സർക്കാർ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ ഗുരുതരമായ അപാകത ചൂണ്ടിക്കാട്ടിയിട്ടും മൗനം പാലിച്ചതും ഉത്തരവുകൾ പുറത്തിറക്കാൻ വൈകിയതും വലിയ ദുരൂഹതകൾക്കാണ് വഴിവെക്കുന്നത്.
കൺസഷൻ എഗ്രിമെന്റിലെ ക്ലോസ് 5.8.1 പ്രകാരം വിഴിഞ്ഞം തുറമുഖത്ത് നോൺ-ഡിസ്ക്രിമിനേറ്ററി ആക്സസ് എല്ലാവർക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അദാനി ഗ്രൂപ്പിനുണ്ട്. കരാറിലെ ഈ വ്യവസ്ഥകൾ സ്വകാര്യ കമ്പനി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങൾ നൽകി സംസ്ഥാന താൽപ്പര്യങ്ങൾ ബലികഴിക്കരുത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സായുധ സേനകളുടെ സാന്നിധ്യത്തോട് പോർട്ട് ഓപ്പറേറ്റർമാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗൗരവത്തോടെ കാണണം.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വത്താണ്. അത് കുത്തക ശക്തികളുടെ പിടിയിലമരാതെ സംരക്ഷിക്കപ്പെടണം. കരാർ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കരാർ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് പിന്തുണ തുടരുമെന്നും എന്നാൽ സംസ്ഥാന താൽപ്പര്യങ്ങൾക്കെതിരായ ഏതു നീക്കത്തെയും ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.