പാലക്കാട്: വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം ഓൺലൈൻ അല്ലാതെ നടത്താൻ പാടില്ലെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവിനും ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തിനും റവന്യൂവകുപ്പിൽ പുല്ലുവില.
നേരത്തേ ഇത്തരത്തിൽ ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലെ (വി.എഫ്.എ) ജീവനക്കാരെ സ്ഥലംമാറ്റിയ ഉത്തരവ് ലാൻഡ് റവന്യൂ കമീഷണർ റദ്ദാക്കിയതിനു പിന്നാലെയാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ ആറുപേരെ സ്ഥലംമാറ്റിയത്.
സെപ്റ്റംബർ 18ന് പാലക്കാട് ചിറ്റൂർ തഹസിൽദാറും 27ന് തൃശൂർ തലപ്പിള്ളി തഹസിൽദാറുമാണ് ആറുപേരെ വീതം സ്ഥലംമാറ്റി ഉത്തരവിറക്കിയത്.വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം ഓൺലൈൻ പോർട്ടലായ എച്ച്.ആർ.എം.എസ് മുഖേന മാത്രമേ നടപ്പാക്കാൻ പാടുള്ളൂവെന്നാണ് നേരത്തേയുള്ള നിർദേശം. ആ സംവിധാനമൊരുങ്ങുംവരെ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം നടപ്പാക്കുന്നത് നിരോധിച്ച് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നിലവിലുണ്ട്.
ലാൻഡ് റവന്യൂ കമീഷണർ കലക്ടർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ജില്ല നിയമനാധികാരികൾ അല്ലാത്ത തൃശൂർ തഹസിൽദാർ, ചേർത്തല തഹസിൽദാർ, പാലക്കാട് എ.ഡി.എം എന്നിവർ ചട്ടം ലംഘിച്ച് നടത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റങ്ങൾക്കെതിരെ കോടതിയലക്ഷ്യം ജീവനക്കാരുടെ സംഘടന ഫയൽ ചെയ്തപ്പോഴാണ് ലാൻഡ് റവന്യൂ കമീഷണർ മൂന്നു ജില്ലകളിൽ നേരത്തേ നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.