തിരുവല്ല (പത്തനംതിട്ട): ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവിന്റെ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തുള്ള ഓഫീസിലും രാമഞ്ചിറയിലുള്ള വീട്ടിലുമാണ് ഇന്ന് രാവിലെ മുതൽ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നത്.
രണ്ടര കോടി രൂപയാണ് തന്ത്രി കണ്ഠരര് രാജീവര് ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ആയിരക്കണക്കിന് പേരിൽനിന്നും നിക്ഷേപ ഇനത്തിൽ കോടികൾ തട്ടിച്ച സംഭവത്തിൽ സ്ഥാപനം നേരത്തെ പൂട്ടിപ്പോയിരുന്നു. സ്ഥാപനം പൂട്ടിയപ്പോൾ ഈ പണം നഷ്ടമായെന്നും എന്നാൽ പരാതി നൽകിയിരുന്നില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കണ്ഠരര് രാജീവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് പരിശോധന നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. പാസ്പോർട്ട് ഹാജരാക്കണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നതുൾപ്പെടെ വിവിധ ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകിട്ടോടെ ജയിൽ മോചിതനാകും.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ ഉണ്ണികൃഷ്ണൻ പോറ്റിയെ പിടികൂടാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയാറെടുക്കുന്നുണ്ട്. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി സമൻസ് തയാറാക്കി. പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇ.ഡിയുടെ നീക്കം. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിൽ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.