സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
തിരുവനന്തപുരം: വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന വിനോദ് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്നാണ് വിനോദും സുഹൃത്തുക്കളും അംഗത്വം സ്വീകരിച്ചത്.
വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തുവെന്നും രക്തസാക്ഷി കുടുംബത്തോട് സി.പി.എം നീതി കാണിച്ചില്ലെന്നും വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് വിനോദ് പറയുന്നു.
ഊർജസ്വലനായ സി.പി.എം പ്രവർത്തകനായിരുന്നു വിഷ്ണുവെന്നും രക്തസാക്ഷി ഫണ്ടിൽ പകുതി സി.പി.എം അടിച്ച് മാറ്റിയെന്ന് വി.ഡി സതീശനും ആരോപിച്ചു. പണം വക്കീലിന് കൊടുത്തു എന്നാണ് സി.പി.എം പറയുന്നത്. സർക്കാരാണ് വക്കീലിനെ വെക്കേണ്ടത്. പാർട്ടി രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റുന്നുവെന്ന് വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയപ്പോൾ നേതാവിനെതിരെ നടപടി എടുത്തു. ഇപ്പോൾ അദ്ദേഹത്തിന് ട്രിപ്പിൾ പ്രൊമോഷൻ നൽകിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണുവിനെ ആര്‍.എസ്.എസുകാർ കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ കുടുംബത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കേസ് നടത്തിപ്പിനെന്ന പേരില്‍ അന്നത്തെ ഏരിയാ സെക്രട്ടറി രവീന്ദ്രന്‍ നായര്‍ മാറ്റിവച്ചുവെന്നും ഇത് ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.