എൽ.ഡി.എഫ് കൺവീനറുടെ പരാമർശം വേദനിപ്പിച്ചു -രമ്യ ഹരിദാസ്

ആലത്തൂർ: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തന്നെ കുറിച്ച് നടത്തിയ മോശം പരാമർശം വേദനിപ്പിച്ചെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ഉത്തരവാദപ്പെട്ട മുന്നണിയുടെ നേതാവ് തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പരാമർശം നടത്തിയത് ശരിയായില്ല. എ. വിജയരാഘവനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നൽകുമെന്നും രമ്യ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍റെ മോശം പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രമ്യ.

നവോഥാനത്തിന് വേണ്ടി വാദിക്കുന്നവർ താനൊരു സ്ഥാനാർഥിയാണെന്നും സ്ത്രീയാണെന്നും കാണേണ്ടിയിരുന്നു. വ്യക്തിഹത്യ നടത്തേണ്ടതിന് നിലവിൽ സാഹചര്യമില്ല. ആശയപരമായ യുദ്ധമാണ് ഇവിടെ നടക്കുന്നത്. സ്ഥാനാർഥി എന്ന നിലയിൽ യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന അജണ്ടകളിൽ ഊന്നിയാണ് താൻ പ്രവർത്തിക്കുന്നത്. ആലത്തൂരിലെ ജനങ്ങൾക്ക് തന്നെ അറിയാം.

പിണറായി സർക്കാർ സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്നു. നവോഥാന മതിൽ പണിയുന്നു. ഈ സാഹചര്യത്തിലാണ് പട്ടികജാതിക്കാരിയായ തനിക്കെതിരെ മോശം പരാമർശം ഉണ്ടായിട്ടുള്ളത്. മാതാപിതാക്കളും സഹോദരങ്ങളും കുടുംബവും തനിക്കുമുണ്ട്. അവർ ഇതൊക്കെ നോക്കി കാണുന്നുണ്ട്. തന്‍റെ ജീവിത സാഹചര്യം എന്തെന്ന് നാട്ടിലെ ഇടതുപക്ഷക്കാരോട് ചോദിക്കാമായിരുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്ന് ഇനിയും ധാരാളം പേർ പൊതുരംഗത്ത് വരാനുണ്ട്. ഇനിയൊരു ആൾക്ക് ഇത്തരം മോശം അനുഭവം ഉണ്ടാകാൻ പാടില്ല. എൽ.ഡി.എഫ് കൺവീനറുടെ മോശം പരാമർശത്തെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിന് വോട്ടഭ്യർഥിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

പത്രിക സമർപ്പിച്ച ശേഷം മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു മോശം പരാമർശം​. പത്രിക സമർപ്പിച്ച ശേഷം രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട്​ കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന്​ അറിയില്ലെന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം. വിജയരാഘവ​​​​​ന്‍റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Full View
Tags:    
News Summary - A. Vijaya raghavan hate statement Ramya Haridas -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.