വിജയ് ബാബു 30ന് കേരളത്തിലെത്തും; മടക്കയാത്ര ടിക്കറ്റ് കോടതിയിൽ ഹാജരാക്കി

കൊച്ചി: ഈമാസം 30ന്​ ദുബൈയിൽനിന്ന്​ നാട്ടിലെത്തുമെന്ന്​ യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ്​ ബാബു ​ഹൈകോടതിയെ അറിയിച്ചു. നാട്ടിലേക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകളും ഉൾപ്പെടുത്തി ഹൈകോടതിയിൽ സമർപ്പിച്ച ഉപഹരജിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. വിജയ്​ ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഇയാൾ നാട്ടിലെത്തിയശേഷം പരിഗണിക്കാമെന്ന്​ വ്യക്തമാക്കി 26ന്​ പരിഗണിക്കാൻ മാറ്റിയിരുന്നു. തുടർന്നാണ്​ മടക്കയാത്രയുടെ ടിക്കറ്റിന്‍റെ പകർപ്പ്​ അടക്കം സമർപ്പിച്ചത്​.

പരാതിക്കാരിയായ നടി തനിക്കയച്ച വാട്​സ്​ആപ്​ ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളുമടക്കമുള്ള തെളിവുകൾ ഇതോടൊപ്പം മുദ്രവെച്ച കവറിൽ നൽകിയിട്ടുണ്ട്. തനിക്കെതിരെ പൊലീസ് കോടതിയിൽനിന്ന് അറസ്റ്റ് വാറന്‍റ്​ വാങ്ങിയിട്ടുള്ളതിനാൽ നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്യുമെന്നും ഇത്​ തടയാൻ ഇടക്കാല മുൻകൂർ ജാമ്യം നൽകണമെന്നും ഉപഹരജിയിൽ ആവശ്യപ്പെട്ടു.

ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. മറ്റ് ആരോപണങ്ങൾ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയാണ്. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒരു സൂപ്പർഹിറ്റ് ചിത്രത്തിൽ അവസരം നൽകി. നടിയോടൊപ്പം ഹോട്ടലിലുണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തെളിവുകൾ മുദ്രവെച്ച കവറിൽ നൽകി.

നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി ഏപ്രിൽ 12ന്​ എത്തിയിരുന്നു. ഇവിടെവെച്ച് ഭാര്യയുമായി സംസാരിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പീഡനം നടന്നെന്ന്​ പറയുന്ന തീയതിക്കുശേഷമാണ് ഇതെല്ലാം. ഏപ്രിൽ 14ന്​ നടി തനിക്ക്​ വന്ന ഫോണെടുത്ത്​ പുതിയ ചിത്രത്തിലെ നായികയോട്​ മേലിൽ വിളിക്കരുതെന്ന് ദേഷ്യപ്പെട്ടു.

ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി ഇവരോട്​ തട്ടിക്കയറി. ആ സമയം കോഫി ഹൗസിലുണ്ടായിരുന്നവർ ഇതിന്​ സാക്ഷികളാണ്. പിന്നീട് ഏപ്രിൽ 21ന് ഷൂട്ടിങ്ങിന്‍റെ ആവശ്യത്തിന്​ ഗോവയിലേക്ക് പോയി. പിന്നീട്, ദുബൈ സർക്കാർ നൽകുന്ന ഗോൾഡൻ വിസക്കുവേണ്ടി പേപ്പറുകൾ ശരിയാക്കാൻ ഏപ്രിൽ 24 ന്​ ദുബൈയിലെത്തിയതായും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Vijay Babu to arrive in Kerala on May 30; The return ticket was produced in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.