കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്യാനിടയാക്കിയ സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമന കോഴക്കേസിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തു. നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പ്രാഥമികാന്വേഷണം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെയാണ് എഫ്.ഐ.ആർ. വിജയന്റെ ആത്മഹത്യകുറിപ്പിൽ എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവരുടെ പേരുണ്ടായിരുന്നു.
ബാങ്കിൽ നിയമനം നൽകാമെന്ന് പറഞ്ഞ് ചില നേതാക്കളുടെ നിർദേശത്താൽ പലരിൽനിന്നും പണം വാങ്ങിയെന്നും എന്നാൽ, നിയമനം നൽകാൻ കഴിയാതിരുന്നതോടെ താൻ കടക്കെണിയിൽ ആയെന്നും ഏഴ് ലക്ഷം രൂപ എം.എൽ.എ വാങ്ങിയെന്നും കുറിപ്പിലുണ്ടായിരുന്നു. തുടർന്ന്, എം.എൽ.എ, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ എം.എൽ.എയും അപ്പച്ചനും മുൻകൂർ ജാമ്യത്തിലാണ്.
കോഴ ആരോപണത്തിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രഥമദൃഷ്ട്യ എം.എൽ.എക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസെടുക്കണമെന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയായിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതിനിടെ, ഏറെ വിവാദങ്ങള്‍ക്കുശേഷം എന്‍.എം. വിജയന്റെ പേരില്‍ ബത്തേരി അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന 63 ലക്ഷത്തിന്റെ കുടിശ്ശിക അടുത്തിടെ കെ.പി.സി.സി നേതൃത്വം അടച്ചുതീര്‍ത്തിരുന്നു. എന്നാൽ, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും എം.എല്‍.എ പറഞ്ഞു.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേസെന്നും പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എം.എൽ.എ രാജിവെക്കണമെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.