കൊച്ചി: നിർധന വിദ്യാർഥികൾക്കായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന് കൊച്ചിയിൽ തുടക്കം. പദ്ധതിയുടെ ധാരണാപത്രം ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി കൂടിയായ മമ്മൂട്ടിയും എം.ജി.എം ഗ്രൂപ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസും ഒപ്പുവെച്ചു. വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കുക എന്നതാണ് പദ്ധതി. 250ഓളം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. എന്‍ജിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ കാമ്പസുകളിൽ പഠനത്തിന് സൗകര്യമൊരുക്കും.
ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. വിജു ജേക്കബ്, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോയ് എം. മാത്യു, ജോർജ് സെബാസ്റ്റ്യൻ, എ. മോഹനൻ, റോബർട്ട് കുര്യാക്കോസ്, സ്വാമി നന്ദാത്മജാനന്ദ, എം.ജി.എം കോളജസ് വൈസ് ചെയർമാൻ വിനോദ് തോമസ്, ഡയറക്ടർ എച്ച്. അഹിനസ്, കൊച്ചി സിറ്റി എ.സി.പി പി. രാജകുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.