വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല, അവഗണിക്കാനാണ് തീരുമാനമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല എന്നത് ജനങ്ങൾ തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവരുടെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. കാരണം വർഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ഒമ്പതുവർഷം കൊണ്ട് തങ്ങളുടെ മതത്തിനുണ്ടായ നഷ്ടം വെട്ടിപ്പിടിക്കാൻ അധികാരത്തിലേറിയേ തീരൂ എന്ന് ലീഗ് നേതാക്കൾ തന്നെ ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ മുന്നിൽ നിറുത്തി അധികാരമേറി ലീഗിന്റെ മതഭരണം നടപ്പാക്കാമെന്നാണ് അവർ സ്വപ്നം കാണുന്നതെന്നും ‘യോഗനാദം’ മുഖപ്രസംഗത്തിൽ വെളളാപ്പള്ളി ആരോപിച്ചിരുന്നു.

ഇടതു സർക്കാർ തന്നെ മൂന്നാമതും ഭരണമേറുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലീഗിന്‍റേത്​ ദിവാസ്വപ്നമായി അവശേഷിക്കും. കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്.എൻ.ഡി.പി യോഗം എതിർത്തിട്ടുണ്ട്. നാളെയും എതിർക്കും.

ഈഴവരാദി പിന്നാക്ക സമുദായങ്ങളാണ് ഇവിടെ സി.പി.എം, സി.പി.ഐ ഉൾപ്പടെയുള്ള ഇടതു പാർട്ടികളുടെ നട്ടെല്ല്. സി.പി.എമ്മിന് അത് അറിയാവുന്നതുകൊണ്ടാണ് അവർ സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നത്. സി.പി.ഐയുടെ നവനേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ല. ഉയർന്ന ജാതിയിൽപ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതെങ്കിൽ ഇങ്ങനെയൊരു ചർച്ചയോ ചാനൽ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല.

ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയ​റ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്‌നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതും.

പിന്നാക്ക സമുദായത്തിന്റെ വളർച്ചയും അവർക്കു ലഭിക്കുന്ന അംഗീകാരവും ഉൾക്കൊള്ളാൻ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ ഈ വിദ്വേഷ പ്രചാരണത്തെ കാണാനാകൂ. സ്വന്തം മതത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മഹാന്മാരാണ് തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നത്. മലപ്പുറത്തെ പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ പ്രസംഗവും മുസ്​ലിം ലീഗ് നേതാക്കളുടെ സ്വമത സ്‌നേഹത്തെക്കുറിച്ചുള്ള വിമർശനവും ഇതിനൊക്കെ ആക്കം കൂട്ടിയെന്നു മാത്രമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Tags:    
News Summary - PK Kunhalikutty says decision to ignore Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.