തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ്ചാൻസലറെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി യോഗം ഈ മാസം15ന് തിരുവനന്തപുരത്ത് യോഗം ചേരും. ചാൻസലറായ ഗവർണറുടെ പ്രതിനിധിയില്ലാതെ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ യോഗമാണ് ചേരുന്നത്. കേരള സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. ബി. ഇക്ബാൽ ചെയർമാനായ കമ്മിറ്റിയിൽ അഞ്ചംഗങ്ങളാണുള്ളത്. നിയമസഭ പാസാക്കുകയും ഗവർണർ രാഷ്ട്രപതിക്ക് റഫർ ചെയ്തതിനെ തുടർന്ന് തള്ളുകയും ചെയ്ത ബില്ലിലെ വ്യവസ്ഥകൾ പ്രകാരം രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയാണ് യോഗം ചേരുന്നത്. അതിനാൽ ചാൻസലറായ ഗവർണർക്ക് സെർച്ച് കമ്മിറ്റി വി.സി നിയമനത്തിനുള്ള ശിപാർശ സമർപ്പിച്ചാലും അംഗീകരിക്കാനിടയില്ല.
ഇക്ബാലിന് പുറമെ, സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി കാർഷിക സർവകലാശാല മുൻ വി.സി ഡോ.പി. രാജേന്ദ്രൻ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിട്ട. പ്രഫസർ ഡോ. രാമൻ സുകുമാരൻ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് പ്രതിനിധി ഡോ. രാഘവേന്ദ്ര ഭട്ട, യു.ജി.സി പ്രതിനിധി പ്രഫ. നീലിമ ഗുപ്ത എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
നിലവിലുള്ള വെറ്ററിനറി സർവകലാശാല നിയമപ്രകാരം സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി വേണം. എന്നാൽ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് റഫർചെയ്ത ബില്ലിലെ വ്യവസ്ഥ പ്രകാരമുള്ള സെർച്ച് കമ്മിറ്റിയാണ് മൃഗസംരക്ഷണ വകുപ്പ് രൂപവത്കരിച്ച് ഉത്തരവിറക്കിയിരുന്നത്. നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ, സർക്കാർ പ്രതിനിധിയില്ലാതെ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
സമാന്തരമായി സർക്കാർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയാണിപ്പോൾ യോഗം ചേരുന്നത്. തിരുവനന്തപുരത്ത് തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വി.സി നിയമനത്തിൽ ചാൻസലറായ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന രീതിയിൽ യു.ജി.സിയുടെ കരട് റെഗുലേഷൻ പ്രസിദ്ധീകരിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. അന്തിമ റെഗുലേഷൻ വൈകാതെ പുറത്തിറങ്ങാനിരിക്കെയാണ് സർക്കാർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി യോഗം ചേരുന്നത്.
വി.സിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ, പൂക്കോട് കോളജ് വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്റെ മരണത്തെ തുടർന്ന് ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. സർവകലാശാലയിലെ തന്നെ പ്രഫസറായ ഡോ.കെ.എസ്. അനിലിനാണ് വി.സിയുടെ താൽക്കാലിക ചുമതല. കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഡോ.ബി. ഇക്ബാൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പന്ത്രണ്ടോളം പേർ വി.സി പദവിയിലേക്ക് അപേക്ഷ സമർപ്പിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.