ക്ഷുഭിതനായി ​ചാനൽ മൈക്ക് പിടിച്ച് തള്ളി വെള്ളാപ്പള്ളി; പ്രകോപിതനായത് മലപ്പുറം വിരുദ്ധ പരാമർശം ചോദ്യം ചെയ്തപ്പോൾ

ശിവഗിരി: മലപ്പുറത്ത് തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന പരാമർശം ആവർത്തിച്ച എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ, ഇത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി. ചാനൽ മൈക്ക് ബലംപ്രയോഗിച്ച് തള്ളിനീക്കി. ഇന്ന് ഉച്ചയോടെ ശിവഗിരിയിൽനിന്ന് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കു​മ്പോഴാണ് നാടകീയ സംഭവങ്ങൾ.

മലപ്പുറം വിരുദ്ധ പരാമർശങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല. ഈ ദുഃഖം ഞാ​നൊന്ന് പറഞ്ഞുപോയി’ എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തുടർന്ന്, ഇക്കഴിഞ്ഞ ഒമ്പത് വർഷം പിണറായി വിജയൻ സർക്കാർ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.

വെള്ളാപ്പള്ളിയും മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്:

മാധ്യമപ്രവർത്തകൻ: താങ്കളെ വർഗീയവാദി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ?

വെള്ളാപ്പള്ളി: എന്താ വർഗീയവാദി എന്ന് പറയാൻ കാരണം? യഥാർഥ വർഗീയവാദികൾ ആരാണ്? മലപ്പുറത്ത് ചെന്നപ്പോൾ ഞാൻ എന്ത് പറഞ്ഞു. എനിക്ക് പറയാനുള്ള അവസരം തരണം മിസ്റ്റർ.

മാധ്യമപ്രവർത്തകൻ: സ്കൂളുകൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു?

വെള്ളാപ്പള്ളി: സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല, ഈ ദുഃഖം ഞാ​നൊന്ന് പറഞ്ഞുപോയി

മാധ്യമപ്രവർത്തകൻ: അതെന്താ സ്ഥലം വാങ്ങാൻ കിട്ടു​ന്നില്ലേ?

വെള്ളാപ്പള്ളി: സ്ഥലം എല്ലാമുണ്ട്.

മാധ്യമപ്രവർത്തകൻ: പിന്നെന്താ പ്രശ്നം? എന്താ തുടങ്ങാൻ പറ്റാത്തത്?

വെള്ളാപ്പള്ളി: അനുവാദം തരണം.

മാധ്യമപ്രവർത്തകൻ: ആരുടെ അനുവാദം?

വെള്ളാപ്പള്ളി: സർക്കാറിന്റെ

മാധ്യമപ്രവർത്തകൻ: ഇപ്പോൾ പിണറായി വിജയൻ സർക്കാർ അല്ലേ?

വെള്ളാപ്പള്ളി: ഇപ്പോഴത്തേതല്ല. മുമ്പുള്ളത്. അന്ന്....

മാധ്യമപ്രവർത്തകൻ: ഈ ഒമ്പത് വർഷത്തിനിടെ പിണറായി സർക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ?

വെള്ളാപ്പള്ളി: (ഇതോടെ ക്ഷുഭിതനായി) കുറേ നാളായി നിങ്ങൾ തുടങ്ങിയിട്ട്... താൻ കുറേ നാളായി തുടങ്ങിയിട്ട് (തുടർന്ന് റിപ്പോർട്ടറുടെ മൈക്ക് ബലപ്രയോഗത്തിലൂടെ തള്ളി മാറ്റി)

Full View

Tags:    
News Summary - VELLAPPALLY NATESAN AGAINST MEDIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.