ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി വന്നപ്പോൾ അനൂകൂലിച്ചവരാണ് ഇപ്പോൾ എതിർത്ത് സംസാരിക്കുന്നത്. സ്ത്രീപ്രവേശന വിഷയത്തിൽ ജനവികാരം സർക്കാർ കണ്ടതാണല്ലോ. സർക്കാർ പ്രവർത്തനം കൊണ്ട് തിരുത്തിയതായും കണ്ടു. അത് നടപ്പാക്കാൻ പിന്നീട് സമ്മർദം കാണിച്ചില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളടക്കം പിൻവലിക്കുന്നത് സർക്കാർ തീരുമാനിക്കും. സുപ്രീംകോടതിയിൽ കക്ഷിചേരാൻ എസ്.എൻ.ഡി.പി പോയിട്ടില്ല. ഈ ആശയം ഉൾക്കൊണ്ട് പലരും കക്ഷി ചേർന്നതിനാൽ അതിന്‍റെ ആവശ്യമില്ല. സത്യവാങ് മൂലം നൽകണോ വേണ്ടയോയെന്നത് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഇതേഅഭിപ്രായം തന്നെയാണ് പറഞ്ഞത്. കോടതിവിധി നിരാശാജനകമാണെന്ന് എസ്.എൻ.ഡി.പി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു -അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ പരമ്പരാഗതമായി ഇല്ലാത്ത സ്ത്രീപ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത് നടപ്പാക്കിയാൽ കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. അങ്ങനെ പോകരുതേയെന്ന് അപേക്ഷിക്കുന്നു. കോടതിവിധി കേരള ജനതയും അയ്യപ്പഭക്തരും ഒരിക്കലും അംഗീകരിക്കില്ല. അതിന്‍റെ വിചാര വികാരങ്ങൾ അണപൊട്ടി കേരളം മുഴുവൻ പ്രതിഷേധത്തിന്‍റെ പ്രതിധ്വനി കേട്ടതാണ്. ശബരിമലയിൽ ആചാരങ്ങൾ വരികയും ദുരാചാരങ്ങൾ ഇല്ലാതാകും വേണം. സ്ത്രീ പ്രവേശനമെന്നത് ആചാരമായി നിൽക്കുന്നതല്ല. അതിനാൽ നിലവിലെ കീഴ്വഴക്കം തുടരണം. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടുപിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.