ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സംഗമമായ 'ഹാംലൈറ്റ് ആശ സംഗമം' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിലവില്‍ 11 ജില്ലകളിലായി ഇതുവരെ 536 ഊരുമിത്രങ്ങള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ രണ്ട് ഘട്ട പരിശീലനവും പൂര്‍ത്തിയാക്കി. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നത്. കേരളത്തില്‍ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാന്‍ ഏറ്റവുമധികം പങ്കുവഹിച്ചവരാണ് ഹാംലെറ്റ് ആശമാര്‍. വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ കൃത്യമായി ആദിവാസിമേഖലയിലെ ഗുണഭോക്താളില്‍ എത്തിക്കുക പലപ്പോഴും ശ്രമകരമായ ജോലിയാണ്.

ഊരുമിത്രം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ആശമാരുടെ ഇത്രവലിയ സംഗമം നടക്കുന്നത്. അവരവവരുടെ ഊരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ആശമാര്‍ക്ക് കഴിയും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഹാംലെറ്റ് ആശമാര്‍ക്ക് കൃത്യമായി മനസിലാക്കാനാകും. പ്രവര്‍ത്തന മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഹാംലെറ്റ് ആശ മൊഡ്യൂള്‍ മൂന്നിന്റെ പ്രകാശനവും വീഡിയോ പ്രകാശനവും, ആശ ഐ.ഇ.സി കിറ്റ്, ആശമാരുടെ പ്രഥമശുശ്രൂക്ഷാ കിറ്റായ കരുതല്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ ആശമാര്‍ തനത് വേഷത്തിലും ഭാഷയിലും കലാപരിപാടികള്‍ അവതരിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജ് അവരോടൊപ്പം ഒത്തുചേര്‍ന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മൃണ്‍മയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Veena George said that the Urumitra project will be extended to all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT