വേടൻ
കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനവുമായി റാപ്പർ വേടൻ. രാജ്യത്തിന്റെ ഭരണഘടനയുമേന്തി കൊച്ചിയിൽ ‘ആസാദി യാത്ര’ സംഘടിപ്പിച്ചു. ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ച് കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളി നഗറിൽ വേടൻ പങ്കെടുത്ത ‘ആസാദി: പാട്ടും പ്രതിഷേധവും’ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ആസാദി യാത്ര സംഘടിപ്പിക്കുന്നത്.
തനിക്കെതിരെ കേസെടുത്തതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് വേടൻ പ്രതികരിച്ചു. ‘പ്രതിഷേധ പരിപാടി നടത്തിയപ്പോൾ പൊലീസ് കേസ് എടുക്കുന്ന സാഹചര്യമുണ്ടായി. അത് കോമൺ ആയിട്ടുള്ള കാര്യമാണ്. നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൂടി. അപ്പോൾ പൊലീസ് സ്വമേധയ കേസെടുത്തു. അതിന് ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല’ -വേടൻ പറഞ്ഞു.
‘നമ്മുടെ വിദ്യാർത്ഥികൾ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ഏറ്റവും വലിയ സ്കാമിനെതിരെ പോരാടി വിജയം കൈവരിച്ചിരിക്കുകയാണ്. അതിന്റെ സന്തോഷം ജനങ്ങളുടെ കൂടെ പങ്കിടാനാണ് സമാധാനപരമായിട്ടുള്ള ഈ ‘ആസാദി യാത്ര’. ഇത് വിദ്യാർഥികളുടെ വിജയമാണ്. അവസരവാദികളായ ചില രാഷ്ട്രീയക്കാർ ഇതിനെ മുതലെടുക്കാനൊക്കെ ശ്രമിക്കുന്നു എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ അങ്ങനെയല്ല. ഇത് പൂർണമായും വിദ്യാർത്ഥികളുടെ മാത്രം സമരമാണ്. വിദ്യാർത്ഥികളുടെ മാത്രം ധൈര്യം കൊണ്ടാണ് ഈ സമരം വിജയിച്ചത്. ഇതൊരു പുത്തൻ രീതിയല്ല. ബാബാസാഹേബ് മുതൽ മഹാവീരൻ അയ്യങ്കാളിയും ശ്രീനാരായണ ഗുരുദേവനും എല്ലാം തുടങ്ങിവെച്ച കാര്യങ്ങൾ ഇപ്പോഴുള്ള യുവതലമുറ ഏറ്റെടുത്ത് ചെയ്യുന്നു എന്നേയുള്ളൂ. ഇവരാരും മറന്നു പോയിട്ടില്ല. ഈ സമത്വത്തിന്റെ രാഷ്ട്രീയം ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്ന കാലത്തോളം നിലനിൽക്കും’ -വേടൻ പറഞ്ഞു.
കൊച്ചി ഹൈകോടതി ജങ്ഷനിൽനിന്ന് ആരംഭിച്ച യാത്ര രാജേന്ദ്ര മൈതാനിയിൽ അവസാനിച്ചു. അവിടെ ഭരണഘടനയുടെ ആമുഖം വായിക്കുകയും കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.
പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളി നഗറിൽ വേടൻ പങ്കെടുത്ത ‘ആസാദി: പാട്ടും പ്രതിഷേധവും’ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തത്. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.
എറണാകുളം പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതുവഴി ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പരിപാടി നടത്തരുതെന്ന് കാണിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. വേടൻ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് കേസെടുത്തത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് വേടൻ പരിപാടിയിൽ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്ക് എതിരെ എല്ലാവരും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
സി.ജെ.പി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ രാജ്യമെങ്ങുമുള്ള വിദ്യാർഥിയുവജനങ്ങൾ ആേഘാഷപ്രകടനത്തിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കിയും പ്രതിപക്ഷത്തെ പരിഗണിക്കാതെയും സൃഷ്ടിച്ചെടുത്ത, രാജ്യത്തിന് ഇനിയൊരു പാർട്ടി മതിയെന്ന ധാർഷ്ട്യത്താൽ ജെൻ സി പാർട്ടിയെയും അടിച്ചോടിക്കാമെന്ന കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടലാണ് ജന്തർ മന്തറിൽ തകർന്നടിഞ്ഞത്. ആരെങ്കിലും പറഞ്ഞാൽ രാജിവെക്കുന്ന സർക്കാറല്ല തങ്ങളുടേതെന്ന ബി.ജെ.പിയുടെ അഹങ്കാരത്തെയാണ് ധർമേന്ദ്ര പ്രധാനിലൂടെ പാറ്റകൾ തൂക്കി പുറത്തിട്ടത്. പ്രധാന്റെ രാജിയെ ഏകാധിപതിയുടെ പരാജയമെന്ന് അഭിജീത് ദിപ്കെ വിശേഷിപ്പിച്ചത്, പ്രധാനമന്ത്രിയെ തന്നെ ലക്ഷ്യം വെച്ചാണ്.
ഇന്നലെ സി.ജെ.പിയും സർക്കാറും മൂന്നാം റൗണ്ട് ചർച്ചക്ക് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലിരിക്കുമ്പോഴാണ് ‘കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടായ സംഭവങ്ങളുടെ പരമ്പരയിൽ താൻ ദുഃഖിതനായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് സമർപ്പിച്ചു’ എന്ന് ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിക്കുന്നത്. പിന്നാലെ വൈകീട്ട് പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി സർക്കാർ പ്രഖ്യാപിച്ചു. ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രികൂടിയാണ് പ്രൾഹാദ്ജോഷി.
ടൈഫോയ്ഡ് ബാധിതനായി വേദിയിലെത്തിയ അഭിജീത് ദിപ്കെ രാജിവിവരം മൈക്കിലൂടെ വിളിച്ചറിയിച്ചതോടെ ജന്തർ മന്തറിൽ വിജയാഘോഷം തുടങ്ങി. ഏകാധിപതിയുടെ പരാജയമാണിതെന്ന് ദിപ്കെ പറഞ്ഞു. ഇതിനുശേഷമായിരുന്നു ചർച്ച അവസാനിപ്പിച്ച് കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്രസിങ്ങും സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും സംയുക്ത വാർത്തസമ്മേളനം വിളിച്ചത്.
ധർമേന്ദ്ര പ്രധാൻ രാജി നൽകിയതോടെ പ്രധാന ആവശ്യം നിറവേറിയെന്ന് അശുതോഷ് പറഞ്ഞു. ഡൽഹിയിലും ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി നഷ്ടപരിഹാര നടപടിയെടുക്കുമെന്ന് സർക്കാർ സമ്മതിച്ചുവെന്നും അദ്ദേഹം തുടർന്നു. കേന്ദ്ര മന്ത്രിമാരും ഇക്കാര്യം സ്ഥിരീകരിച്ചു.
പ്രതിഷേധക്കാർക്കെതിരെ എഫ്.ഐ.ആർ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നീറ്റ് പേപ്പർ ചോർന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക ഉടൻ നൽകുമെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. അതിനുശേഷമാണ്, സമരം അവസാനിപ്പിക്കുകയാണെന്ന് സൗരവ് ദാസ് പ്രഖ്യാപിച്ചത്. സമരക്കാർ എത്രയും പെട്ടെന്ന് ജന്തർ മന്തർ വിട്ടുപോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. യുവതയെ പാറ്റകളെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്ഷേപ ഹാസ്യമെന്ന നിലക്ക് തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടി പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെത്തി 36ാം ദിവസമാണ് ഗത്യന്തരമില്ലാത്ത രാജി.
അമിതാധികാരത്തിന്റെ അഹങ്കാരത്തിൽ എല്ലാം കാൽക്കീഴിലാക്കി ആരെയും വിലവെക്കാതെ മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കുമേറ്റ കനത്ത തിരിച്ചടിയാണ് മൂന്നുമാസം പോലും തികയാത്ത ഒരു പാർട്ടി നയിച്ച സമരത്തിന്റെ മഹാ വിജയം. അമേരിക്കയിൽനിന്ന് വിമാനം കയറിവന്ന കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ എന്ന അഭ്യസ്തവിദ്യനായ ദലിത് യുവാവിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ സമരത്തിനുവന്ന് ജന്തർ മന്തറിലേക്ക് എത്തിയ പാറ്റകളാണ് ധർമേന്ദ്ര പ്രധാന്റെ രാജിയുമായി വിജയശ്രീലാളിതരായി സമരം പിൻവലിച്ചത്.
ആർ.എസ്.എസ് പശ്ചാത്തലമുള്ള വിശ്വസ്തനെ കൈവിടാതിരിക്കാൻ അവസാന നിമിഷം പയറ്റിയ തന്ത്രവും പരാജയപ്പെട്ടപ്പോഴാണ് മോദിയും അമിത് ഷായും ധർമേന്ദ്ര പ്രധാനെ രാജവെപ്പിക്കാൻ സന്നദ്ധമായത്. സി.ജെ.പി മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ പരമപ്രധാനമായ പ്രധാന്റെ രാജി ഒഴികെയുള്ളത് കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് ചർച്ചയിൽ തന്നെ അംഗീകരിച്ചതായിരുന്നു.
ശനിയാഴ്ച മൂന്നാം റൗണ്ട് ചർച്ചക്ക് കേന്ദ്ര മന്ത്രിമാരെത്തുംമുമ്പ് വകുപ്പുമാറ്റ നീക്കം സജീവവുമായിരുന്നു. സി.ജെ.പി - സർക്കാർ മൂന്നാം റൗണ്ട് ചർച്ചക്ക് തൊട്ടുമുമ്പ്, വകുപ്പുമാറ്റം അംഗീകരിക്കില്ലെന്ന് സമരക്കാരായ വിദ്യാർഥികളെ കൂട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതോടെ ആ നീക്കം പൊളിഞ്ഞു. പിന്നാലെയാണ് നിർണായകമായ രാജിപ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.