തിരുത്തൽനീക്കം തടയാൻ ‘ഇ.ഡി കവചം’; പ്രമേയത്തിന് പിണറായി പക്ഷം
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ ഇ.ഡിയിലേക്ക് ചുവടുമാറാതിരിക്കാൻ കരുതലോടെ കേന്ദ്ര നേതൃത്വം. ‘ഇ.ഡിയുടെ രാഷ്ട്രീയ വേട്ട’യിലേക്ക് ചർച്ചകൾ വഴിതിരിച്ചുവിടുന്നതിലൂടെ നേതൃതലത്തിലെ തിരുത്തൽ വാദങ്ങളെയും നേതാക്കൾക്കെതിരെ ഉണ്ടാകാനിടയുള്ള രൂക്ഷ വിമർശനത്തെയും മറികടക്കാമെന്നാണ് പിണറായി വിജയനെ അനുകൂലിക്കുന്ന സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ വാദം.
ഇ.ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കേന്ദ്രനേതൃത്വം കൂടി നിലപാടെടുത്തോടെ ഈ വാദത്തിനാണ് നിലവിൽ പാർട്ടിയിൽ പ്രാമുഖ്യം. ചർച്ചകൾ ഈ ദിശയിലേക്ക് വഴുതിയാൽ പിണറായി വിജയനുള്ള ഐക്യദാർഢ്യ സദസ്സായി വിശാല സമിതി മാറുമെന്ന വിലയിരുത്തലാണ് കേന്ദ്രനേതൃത്വത്തിന്. ചർച്ച വഴിമാറ്റുമെന്ന് വ്യക്തമായതോടെയാണ് ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടന പ്രസംഗത്തിൽ ‘ഇ.ഡി’ പരാമർശം ഒഴിവാക്കിയത്.
എന്നാൽ, വാർത്തസമ്മേളനത്തിൽ പിണറായിക്കെതിരെ ഇ.ഡി നടത്തുന്ന കടന്നാക്രമണം പാർട്ടിക്കെതിരായ കടന്നാക്രമണമായി എം.എ. ബേബി ചൂണ്ടിക്കാട്ടിയെന്ന എം.വി. ഗോവിന്ദന്റെ പരാമർശം കൃത്യമായ അജണ്ടയോടെയാണ്. ഇതിനുപുറമെ, ഇ.ഡി നീക്കത്തിനെതിരെ വിപുലീകൃത സംസ്ഥാന സമിതിയിൽ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം പിണറായിപക്ഷം നടത്തുന്നുണ്ട്. ഇതേകുറിച്ച വാർത്തസമ്മേളനത്തിലെ ചോദ്യത്തോട് ഇപ്പോൾ ആലോചിച്ചിട്ടില്ല, വേണമെങ്കിൽ ആവാം എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
അതേസമയം, പാർട്ടി നേതാക്കളുടെ പെരുമാറ്റത്തിൽ തെറ്റുകളും പോരായ്മകളുമുണ്ടായെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലുകളുടെ ചുവടുപിടിച്ച് തിരുത്തലിനുള്ള ആഭ്യന്തര സമ്മർദം ശക്തമാക്കാനാണ് സംസ്ഥാന സി.പി.എമ്മിലെ പുതുചേരിയുടെ നീക്കം. തിങ്കളാഴ്ച നടക്കുന്ന പൊതുചർച്ചകളായിരിക്കും പാർട്ടിയിൽ വരുത്തുന്ന മാറ്റങ്ങളുടെ ദിശ നിർണയിക്കുക. നേതൃത്വത്തിനെതിരെ സംസ്ഥാനത്തുയർന്ന വിമർശനവും നേതൃമാറ്റ ആവശ്യങ്ങളും അതേപടി അംഗീകരിച്ചില്ലെങ്കിലും ‘പ്രശ്നങ്ങളുണ്ട്’ എന്നത് കേന്ദ്രകമ്മിറ്റി സ്ഥിരീകരിക്കുന്നു.
ഇതാണ് സംസ്ഥാന സി.പി.എമ്മിലെ പിണറായി വിജയൻ-എം.വി. ഗോവിന്ദൻ അച്ചുതണ്ടിനെതിരെ രൂപംകൊണ്ട പുതിയ ചേരി പിടിവള്ളിയാക്കുന്നതും. ജനസമ്പർക്ക പരിപാടികൊണ്ടോ ഗൃഹസന്ദർശ കാമ്പയിനുകൾ കൊണ്ടോ തീരുന്നതല്ല ഇതെന്നും ജനത്തിന് ബോധ്യപ്പെടും വിധമുള്ള മാറ്റങ്ങളുണ്ടാകണമെന്നുമാണ് ഇവരുടെ നിലപാട്.
‘ശൈലീ മാറ്റം’ എന്ന ആശയത്തെ ആഭ്യന്തര ജനാധിപത്യം വീണ്ടെടുക്കാനുള്ള ആയുധമാക്കാനാണ് പുതുചേരിയുടെ ഭാവമെങ്കിൽ, അതിനെ കേവലം സംഘടനാപരമായ തിരുത്തൽ പ്രക്രിയ മാത്രമായി ഒതുക്കാനാകും നേതൃത്വത്തിന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.