പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ, 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ 16 വരെ ഇടിമിന്നലോടു കൂടി മഴക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് താപനില ഉയരുകയാണ്. പുനലൂരിൽ ശനിയാഴ്ച താപനില 36.4 ഡിഗ്രി സെൽഷ്യസിലെത്തി. സാധാരണയേക്കാൾ 4.5 ഡിഗ്രിയാണ് ചൂട് വർധിച്ചത്. തിരുവനന്തപുരം നഗരവും കോട്ടയവും ആണ് തൊട്ടുപിന്നിൽ. 35 ഡിഗ്രി ആയിരുന്നു ഇവിടെ ചൂട്.
കള്ളക്കടൽ: ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ, കാസർകോട് (വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി.
തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെയും കന്യാകുമാരി തീരത്ത് രാത്രി 11.30 വരെ 1.5 മുതൽ 1.7 മീറ്റർ വരെയും തിരമാലകൾ ഉയരാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.