എല്ലാവരും മാങ്ങക്ക് കല്ലെറിഞ്ഞു, ഞാൻ മാങ്കുലയുടെ ഞെട്ടിനും; സ്കൂൾകാലത്തെ ഓർമകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

സമൂഹത്തിലെ പച്ചയായ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ തന്നെ സഹായിച്ചത് സാധാരണക്കാർക്കൊപ്പം പഠിച്ച സ്കൂൾ കാലഘട്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദാരിദ്ര്യവും ഇല്ലായ്മകളും നിറഞ്ഞ അന്നത്തെ കാലത്തെ രസകരമായ അനുഭവങ്ങളും ഇന്നത്തെ തലമുറയ്ക്കുള്ള ഉപദേശങ്ങളും അദ്ദേഹം പങ്കുവെച്ചു.

ദിവസവും നാലോ അഞ്ചോ കിലോമീറ്റർ നടന്നായിരുന്നു അക്കാലത്തെ സ്കൂൾ യാത്ര. നടന്നുപോകുന്നതിനിടയിൽ സൈക്കിളിൽ പോകുന്ന കൂട്ടുകാരുടെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടിരുന്ന കുസൃതികളും അദ്ദേഹം ചിരിയോടെ ഓർത്തെടുത്തു. അന്ന് ചെരുപ്പോ സൈക്കിളോ ഇല്ലാതെയായിരുന്നു പഠനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിദ്യാർഥികൾക്ക് ഇല്ലാത്ത യാതൊരു സൗകര്യങ്ങളും തനിക്ക് മാത്രമായി വേണ്ടെന്നായിരുന്നു വീട്ടുകാരുടെ കർശന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഉച്ചഭക്ഷണം കൊണ്ടുവരാൻ കഴിയാത്ത സുഹൃത്തുക്കളെ മാറ്റിനിർത്താതെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കുവെച്ച് കഴിച്ചിരുന്ന അനുഭവങ്ങൾ ജീവിതത്തിൽ വലിയ പാഠങ്ങളാണ് നൽകിയത്.

സ്കൂൾ കാലത്തെ മാങ്ങാപറിയുമായി ബന്ധപ്പെട്ട രസകരമായൊരു ഓർമയും അദ്ദേഹം പങ്കുവെച്ചു. "വഴിയരികിലെ മാവുകളിൽ നിന്ന് മാങ്ങ പറിക്കാൻ കൂട്ടുകാരെല്ലാം മാങ്ങയ്ക്കാണ് കല്ലെറിഞ്ഞിരുന്നത്. എന്നാൽ, ഞാൻ മാങ്കുലയുടെ ഞെട്ടിനായിരുന്നു ഉന്നം വെച്ചിരുന്നത്. എനിക്ക് നല്ല ഉന്നമുണ്ടായിരുന്നു. ആ ഉന്നമാണ് എന്നെ ഇപ്പോഴും രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തുന്നത്," അദ്ദേഹം തമാശരൂപേണ പറഞ്ഞു.

പുതിയ കാലത്തെ കുട്ടികളുടെ വളർച്ചയെക്കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. മുഴുവൻ സമയവും പുസ്തകങ്ങൾക്ക് മുന്നിൽ ചിലവഴിക്കാനുള്ളതല്ല ബാല്യം. കുട്ടികൾക്ക് സ്വതന്ത്രമായി കളിക്കാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും അവസരം നൽകണം. ഓടിയും ചാടിയും ശരീരമനങ്ങി വളരാൻ അവർക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എല്ലാവർക്കും സിനിമ കാണാൻ കഴിയാതിരുന്ന കാലത്ത്, സിനിമ കണ്ടവർ മറ്റുള്ളവർക്ക് കഥ പറഞ്ഞുകൊടുത്തിരുന്നതും പുസ്തകങ്ങൾ കൈമാറി വായിച്ചിരുന്നതുമെല്ലാം ആ പഴയകാല സൗഹൃദത്തിന്റെ നേർചിത്രങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളോട് മുതിർന്നവർ എപ്പോഴും സുഹൃത്തുക്കളെപ്പോലെ പെരുമാറണമെന്നും, അവർക്ക് ഭയമില്ലാതെ ഇടപെടാൻ കഴിയുന്ന സ്വതന്ത്രമായൊരു അന്തരീക്ഷം അധ്യാപകരും രക്ഷിതാക്കളും ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - V.D. Satheesan Shares Fond School Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.