കപിൽ സിബൽ
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇടം നൽകാത്തത് കേരളത്തിന്റെ പ്രത്യേകതയെന്ന് കപിൽ സിബൽ
കൊച്ചി: രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ നഗ്നമായ രൂപങ്ങളിൽ നിന്ന് കേരളം വളരെ ഏറെ ഒഴിഞ്ഞ് നിന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. ഇത് ആകസ്മികമല്ലെന്നും ഇവിടുത്തെ രാഷ്ട്രീയ സംസ്കാരവും ശക്തമായ പാർട്ടി സിസ്റ്റവും ജനങ്ങളുടെ ജാഗ്രതയും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ 15ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കുതിരക്കച്ചവടവും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ രാഷ്ട്രീയ കുതിരക്കച്ചവടം ഒരു റിസോർട്ടിൽ കൈമാറുന്ന പണമോ, വാഗ്ദാനം ചെയ്യപ്പെടുന്ന പദവിയോ മാത്രമല്ലെന്നും കേന്ദ്ര ഏജൻസികളുടെ അഴിമതി അന്വേഷണവും കുതിരക്കച്ചവടത്തിന് ഉപാധിയാകുകയാണെന്ന് കപിൽ സിബൽ പറഞ്ഞു. 2014 മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലേക്ക് മാറി. അതിൽ 23 പേരുടെ കേസുകൾ മരവിപ്പിക്കുകയോ, റദ്ദാക്കുകയോ, അന്വേഷണം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടനയുടെ ആമുഖത്തിലെ വാഗ്ദാനം തെരഞ്ഞെടുപ്പ് നടത്തുന്നതു കൊണ്ട് മാത്രം പാലിക്കപ്പെടില്ല. കാലാവധി തീരുംവരെ ആ സർക്കാർ നിലനിൽക്കുമ്പോഴാണ് അത് പാലിക്കപ്പെടുന്നത്. കൂറുമാറ്റം തടയാനായി കൊണ്ടുവന്ന നിയമങ്ങളും കോടതിവിധികളും നിമിത്തം കുതിരക്കച്ചവടം പുതിയ രൂപം കൈവരിച്ചു.
തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളെ സംഘടിതമായി വിലക്കെടുക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്ത് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന് പകരം മറ്റൊരു ഭൂരിപക്ഷത്തെ അധികാരത്തിലെത്തിക്കുന്ന പ്രക്രിയയായി. ചിലപ്പോൾ അത് ലയനം എന്ന മാന്യമായ വേഷം ധരിക്കുന്നു -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കുതിരക്കച്ചവടം ഒരു സർക്കാറിന്‍റെ നിലനിൽപിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, മണ്ഡല പുനർനിർണയങ്ങൾ, ഭരണഘടനാ ഭേദഗതികൾ തുടങ്ങിയ നിർദേശങ്ങൾക്കാവശ്യമായ പ്രത്യേക ഭൂരിപക്ഷ മേഖലയായ ‘മിഷൻ 362’ എന്ന ലക്ഷ്യത്തിലേക്കും ഉപയോഗിക്കപ്പെടാമെന്ന ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും കപിൽ സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.