തിരുവനന്തപുരം: അലകടലായി ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശൻ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു. ജീവനക്കാർ ആവേശത്തോടെയായിരുന്നു പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിയെ ഓഫിസിലേക്ക് സ്വീകരിച്ചത്.
സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലാണ് ഓഫീസ്. ഓഫീസിലെത്തി മുഖ്യമന്ത്രി കസേരയിലിരുന്ന വി.ഡി സതീശൻ ഏറെ പ്രസന്നനായിരുന്നു. കസേരയിലിരുന്നയുടൻ സന്തത സഹചാരിയായ മുഹമ്മദ് ഷിയാസ് ആദ്യ ഹസ്തദാനം നൽകി. എറണാകുളത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷിയാസ് തന്നെയായിരുന്നു ഫലപ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണത്തിലൂടെ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ചർച്ചക്ക് തുടക്കം കുറിച്ചത്.
എറണാകുളത്ത് ഷിയാസിനെ മത്സരിപ്പിച്ചതും സതീശന്റെ പ്രത്യേക താൽപ്പര്യത്തിലായിരുന്നു. മുഖ്യമന്ത്രി മത്സരത്തിൽ എം.എൽ.എമാർ കൂട്ടത്തോടെ കെ.സിക്കു പിന്നിൽ അണിനിരന്നെങ്കിലും ഷിയാസ് അടക്കം ഏതാനും എം.എൽ.എമാർ മാത്രമാണ് സതീശനൊപ്പം നിന്നത്. മന്ത്രിസഭയുടെ ആദ്യയോഗം ഉടൻ നടക്കും. ഇതിൽ സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. 10 വർഷത്തിന് ശേഷമാണ് യു.ഡി.എഫ് അധികാരത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.